Friday 10 April 2015

എന്‍റെ എട്ടന് ...

എന്‍റെ എട്ടന് .....

    ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഒരു ''മാരക്കാന ''
അവിടെയും പിറന്നു ഒരു'' മനോഹര ഗോള്‍ ''...
ബോളില്‍ നിന്നും പറന്നു പറന്നു പോയൊരു'''' ഗോളിയും ..''.

കേരളത്തിന്‍റെ മൈതാനങ്ങളും ഒഴിവു ദിനങ്ങളും ക്രിക്കറ്റ് ജ്വരത്തിലേക്ക് മുങ്ങിത്താഴുന്നതിനു മുമ്പുള്ള കഥയാണ്... ലോക ഫുട്ട് ബോളിനെ കുറിച്ച് പത്രത്തിലൂടെ മാത്രം അറിയുന്ന കാലം .എന്‍റെ ഗ്രാമത്തില്‍ എന്റെ വീട്ടിനടുത്തും മറ്റേതൊരു കേരള ഗ്രാമത്തിലേത്പോലെ ,എന്‍റെ ഏട്ടന്റെയും ഫുട്ട് ബോള്‍ ഭ്രമമുള്ള കുറെ കൂട്ടുകാരുടെയും ഒരു ''മാരക്കാന '' മൈതാനം ഉണ്ടായിരുന്നു .
ചുറ്റും പാറക്കെട്ടുകളും കുറ്റിക്കാടുകളും കാട്ടുപൂക്കളും ,പക്ഷികളും ,...അകലെ സഹ്യനിലേക്ക് പതുക്കെ നടന്നു കയറുന്ന കുന്നിന്‍ നിരകളുടെ ഭ്രമക്കാഴ്ച്ചകളും ഒക്കെ ഉള്ള ഞങ്ങളുടെ മാരക്കാന ..

 
അവിടെ ഒഴിവു ദിനങ്ങളില്‍ വാശിയേറിയ ഫുട്ട് ബോള്‍ മത്സരങ്ങള്‍ നടക്കും ..എന്‍റെ ഏട്ടനായിരുന്നു മൊത്തം ടീമിന്‍റെയും നേതാവ്..പഴയ ക്യാന്‍വാസ് ബോള്‍ സംഘടിപ്പിച്ച് patch work നടത്തി സ്വന്തമാക്കിയ ഫുട്ട് ബോള്‍ കയ്യിലുള്ളതും അത് തട്ടിക്കളിക്കാന്‍ മറ്റുള്ളവര്‍ക്ക് ഔദാര്യത്തോടെ കൊടുക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഏട്ടന്‍ അവരുടെ ''ദൈവം ''ആയത് 

...അങ്ങനെ കുറെ കളിപ്പാട്ടങ്ങളും ,പുസ്തകങ്ങളും മറ്റാര്‍ക്കും പിടി കിട്ടാത്ത സൂത്രങ്ങളും കയ്യിലുള്ളത് കൊണ്ട് ഞാനും ഏട്ടന്‍റെ ഫാന്‍ ആയിരുന്നു .(എന്‍റെ കയ്യിലിരിപ്പ് കൊണ്ട് എന്നെ അധികം അടുപ്പിക്കാറില്ലെങ്കിലും ....വാലില്‍ തൂങ്ങി ഞാന്‍ പിന്നാലെ ഉണ്ടാവും ..എല്ലാം വൈകുന്നേരം അച്ഛനോട് നുണ പറഞ്ഞു കൊടുത്തു നല്ല അടി ബോണ്‌സ് ആയി വാങ്ങിക്കൊടുക്കാന്‍ )ഞങ്ങളുടെ മാരക്കാനയില്‍ തിരിച്ചും മറിച്ചും ഉള്ള കുറെ സെമി ഫൈനലുകളും പിന്നെ ഒരു ഫൈനലും മാത്രമേ ഉണ്ടാവു ...
അങ്ങനെയൊരു ഫൈനല്‍ മത്സരത്തിന്‍റെ കളിയിലാണ് മേല്‍ സൂചിപ്പിച്ച മനോഹര ഗോള്‍ പിറന്നത് 

ആ ദിവസം കളി തുടങ്ങാറായി ....ഏട്ടന്‍ വിസില്‍ ഊതി ....കളിക്കാരെല്ലാം രണ്ടു ഭാഗത്തും അണി നിരന്നു ....അപ്പോഴാണ്‌ മനസിലായത് ഏട്ടന്റെ ടീമിന്‍റെ ഗോളി വന്നിട്ടില്ല ....ഒരു മിനിറ്റ് ഏട്ടന്‍ ചുറ്റും നോക്കി ..മൊത്തം ടീമിന്‍റെ പ്രതിജ്ഞാ ബദ്ധയായ ബോള്‍ പിക്കര്‍ ആയി ഞാന്‍ കിഴക്ക് ഭാഗത്തെ പാറപ്പുറത്ത് ഇരിപ്പുണ്ട് ..ആ ഭാഗത്ത്‌ ബോള്‍ എവിടെ തെറിച്ചു പോയാലും ഓടി എടുത്തു തിരികെ ഏട്ടനെ ഏല്‍പ്പിച് ഗൌരവത്തോടെ ധന്യയാവാന്‍....


അങ്ങനെ എല്ലാവരും ആകാംക്ഷ യോടെ നോക്കി നില്‍ക്കവേ 
ഉടന്‍ കല്പന വന്നു ....എന്നോട് ഗോള്‍ പോസ്റ്റില്‍ പോയി നില്‍ക്കാന്‍ ..ഗോളിയാവാന്‍ ...കളിക്കളത്തില്‍ ഇറങ്ങാന്‍ ഏട്ടന്‍ പറഞ്ഞപ്പോ ..ഹോ ..ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല 
കളി തുടങ്ങാനുള്ള വിസില്‍ മുഴങ്ങി .ഇരു ടീമുകളും പന്തിനു പിന്നാലെ സീരിയസ് ആയി പാഞ്ഞു ...ഞങ്ങളുടെ ഗോള്‍ പോസ്റ്റിലേക്ക് പന്ത് വരാന്‍ വിടാതെ ശക്തമായ പോരാട്ടം ...ഞാന്‍ കൂള്‍ ....
പെട്ടെന്നാണ് അങ്ങേ തലക്കലെ ഏതോ ഒരു'' മെസ്സി '' ഒരു ഷാര്‍പ്പ്,ലോങ്ങ്‌ ഷൂട്ട്‌ നടത്തിയത് ....ഞാന്‍ നോക്കുമ്പോള്‍ എന്റെ നേരെ റോക്കറ്റ് വരുമ്പോലെ ബോള്‍ പാഞ്ഞു വരുന്നു ..ഒന്നും ആലോചിച്ചില്ല ...ജീവനും കൊണ്ട് ഒരൊറ്റ ഓട്ടം ...അല്ല പറക്കല്‍ ...
രക്ഷപ്പെട്ടു എന്ന് കരുതി എന്റെ പാറപ്പുറത്തേക്ക് ഓടുമ്പോള്‍ ഇടത്തെ ചുമലില്‍ ഒരു പിടുത്തം ..നടുപ്പുറത്ത് ''ടപോ'' എന്നൊരടി 

എന്‍റെ ഹൃദയം ചുളുങ്ങിപ്പോയിക്കാണും . വേദനയോടെ ഞാന്‍ തിരിഞ്ഞു നോക്കി ..അപ്പൊ ഏട്ടന്‍റെ മുഖം ഒന്ന് കാണണമായിരുന്നു ..     .ന്‍റെ മുഖം പിന്നെ പറയണ്ടല്ലോ .......

(അന്ന് ബ്രസീല്‍ സെമിയില്‍ കളിച്ചപ്പോള്‍ ഒരു പാട് മുഖങ്ങളില്‍ ഞാന്‍ എന്‍റെ ഏട്ടനെ കണ്ടു ..ഗോള്‍ പോസ്റ്റില്‍ എന്നെയും ....

ഇന്ന്   വാക്കുകളുടെ ചിറകില്‍ ഏറി കാലത്തിലൂടെ  ഞാന്‍  പിന്നോട്ട് പോകുന്നു ..എന്നിട്ട് എട്ടനെയും  കൊണ്ട് ബ്രസീലിലേക്ക്  ഒരു വിചാര യാത്ര ....ലോക കപ്പ് ഫുട്ട് ബോള്‍  ഫൈനല്‍ നടക്കുന്ന   മാരക്കാനയിലെ   ഗാലറിയില്‍   ഏട്ടനോടൊപ്പം ഇരിക്കണം . കടലാസ് ചുരുട്ടില്‍ നിന്ന് നിലക്കടല   ഓരോന്നെടുത്ത്    കൊറിച്ചു കൊണ്ട്   ലോകം   ഉറ്റു നോക്കുന്ന ഫൈനല്‍ പോരാട്ടം കാണണം ...കളിയുടെ   ഓരോ മിനിറ്റിലും ഏട്ടന്‍റെ  ആത്മഗതങ്ങളിലൂടെ   നെടുവീര്‍പ്പുകളിലൂടെ ഫുട്ബോളിന്റെ   സന്ദര്യവും  വന്യതയും എല്ലാം ഏട്ടന്‍ എനിക്ക് പറഞ്ഞു തരും ...ഗാലറികളില്‍ ആവേശത്തിന്റെ കൊടുങ്കാറ്റ് നിലക്കാതെ ആഞ്ഞടിക്കുമ്പോള്‍, മാരക്കാന മൈതാനത്തിനു മത്സരത്തിന്‍റെ തീ പിടിക്കുമ്പോള്‍ .മറുഭാഗത്ത് നിന്ന് പറന്നു വരുന്ന ഒരു ബോള്‍ ഗോളി dive ചെയ്തു മനോഹരമായി പിടിച്ചു മാറോട് ചേര്‍ക്കുന്ന ഒരു മുഹൂര്‍ത്തം എട്ടന് ഓര്‍മയായി നല്‍കണം ...

...കളി കഴിഞ്ഞു   ജയിച്ചവര്‍  ആനന്ദം കൊണ്ടും  തോറ്റവര്‍  സങ്കടം കൊണ്ടും കരയുന്ന നിമിഷം ..., റഫറിയുടെ   കണ്ണ് വെട്ടിച്ച് ആരും കാണാതെ ഓടിപ്പോയി ആ ബ്രസൂക്കയെ എടുത്തു തിരിച്ചു വരും ..എന്നിട്ട് എന്റെ എട്ടന് കൊടുക്കും ....എന്നെ വരയുടെ ,പാട്ടിന്‍റെ, എഴുത്തിന്‍റെ , കളിയുടെ മാന്ത്രികലോകം കാട്ടിത്തന്നതിന് എന്‍റെ സമ്മാനം ..

                                     ............................................................


No comments:

Post a Comment