Monday 18 May 2015

മാവോ വാദി ..ഇയാളാണോ ?





എനിക്ക് പേരില്ല ..പക്ഷെ 
ഒരായിരം പേരുകള്‍ ആണ് ഞാന്‍ .
എനിക്ക് നാടില്ല ..പക്ഷെ 
ഒരായിരം നാടുകള്‍ ആണ് ഞാന്‍ .
മനസ്സുണ്ട് ...ഒരു മനസ്സല്ല ..
ഒരായിരം മനസ്സുകള്‍ ഒരുമിച്ചുണരുന്ന ജ്വലിക്കുന്ന പ്രഭാതം പോലൊരു മനസ്സ് .


എനിക്ക് ശബ്ദമുണ്ട്‌
നട്ടുച്ചയ്ക്കും ഇരുട്ടുണ്ടാക്കി
പട്ടിണിക്കാരനെ പിന്നെയും പിന്നെയും കബളിപ്പിക്കുന്ന
ഇരുതലപ്പാമ്പുകളുടെ ബധിര ശരീരത്തില്‍
തീമഴ പെയ്യിക്കുന്ന
പ്രതികാരത്തിന്‍റെ പ്രചണ്ഡമായ ശബ്ദം


ഞാന്‍ ഇന്ത്യക്കാരന്‍


അവനവന്‍റെ ആസ്തികളുടെ
വിസ്താരത്തിലേക്ക്
ലോകത്തെ ചുരുക്കുന്ന ,
മലയെ വില്‍ക്കുന്ന ,പുഴയെ വില്‍ക്കുന്ന ,
ഹൃദയങ്ങളെ വെറുപ്പില്‍ തളച്ചിട്ട്
അതിന്മേല്‍ ഒരു സിംഹാസനം പണിത്

 അതിന്മേല്‍ ഇരിക്കുന്നവന്റെ
ചെകിട്ടത്ത്
ആഞ്ഞടിക്കാന്‍ ചങ്കുറപ്പുള്ള
ഇന്ത്യക്കാരന്‍ ...അതാണ്‌ ഞാന്‍ ...മാവോവാദി ..

..........................................................

Friday 15 May 2015

അവതാള ത്തുഴകള്‍


ആകാശത്തേക്ക് കുത്തനെ പെയ്യുന്ന ചിത്ര മഴ പോലെ 
ആഴവും ഉയരവും
ദിക്കുകളും ദിശകളും 
മറവിയില്‍ ആണ്ട നിന്റെ മനസ്സ് .
സഹനത്തിന്‍റെ ഒരു കടല്‍ 
നിനക്ക് ചുറ്റിലും
കാവല്‍മാട കണ്ണുകളുമായ്
കാവല്‍ നില്‍ക്കുമ്പോഴും
അവതാളത്തിന്‍റെ ആ പഴയ തുഴയും കൊണ്ട്
നീ തിടുക്കപ്പെടുന്നത്
എങ്ങോട്ടാണ് .....?

........................