Tuesday 24 September 2013

ഗുരു വന്ദനം

കരുണ  പെയ്ത നക്ഷത്ര  കണ്ണുകള്‍ 

......................................................................
        ഇത് ആലക്കാടന്‍  നാരായണന്‍ മാഷ്‌ ....ഈ ഗുരു ശ്രേഷ്ടന്‍  പ്രധാന  അദ്ധ്യാപകന്‍  ആയിരുന്ന  ഓലാട്ട്  യു പി  സ്കൂളിലേക്ക്  ഒരു ദിവസം  പേടിച്ച്  വിറയ്ക്കുന്ന  ഒരു കുട്ടിയേയും  കൊണ്ട് അവളുടെ  അമ്മാവന്‍  കയറി വന്നു .
               ''എന്താ ?''

  ഗാന്ധിജി യുടെയും  നെഹ്രുവിന്റെയും  പടങ്ങള്‍  അലങ്കരിച്ച  ചുവരുകളും ,
പുസ്തകങ്ങളും  ട്രോഫികളും  ഫയലുകളും  ഭംഗിയായി അടുക്കി വെച്ച  ഷെല്‍ഫുകളും  ഉള്ള  വൃത്തിയുള്ള  ഓഫീസ്  മുറിയിലെ  കസേരയില്‍  ഇരുന്നു  ഗൌരവത്തോടെ  മാഷ്‌  ചോദിച്ചു .

  ''ഇവളെ  ഇവിടെ ഏഴാം ക്ലാസില്‍  ചേര്‍ക്കാന്‍ ..''
അതും പറഞ്ഞു  അമ്മാവന്‍ ഒരു കത്തെടുത്ത്  മാഷിന്റെ മേശപ്പുറത്ത് വെച്ചു.

 ഈശ്വരാ  അച്ഛന്‍ കത്തും കൊടുത്തു  വിട്ടിട്ടുണ്ടോ ...എന്താണാവോ അതില്‍ എഴുതി വെച്ചിരിക്കുന്നത് ...പെണ്‍കുട്ടിക്ക് കയ്യും കാലും തളരുന്നത് പോലെ ..
അവള്‍ ഒന്ന് കൂടി അമ്മാവന്റെ  അരികിലേക്ക്  ഒതുങ്ങി ...

      .......
ആദ്യം ചേര്‍ത്ത  കൊഴുമ്മല്‍  യു പി സ്കൂളിലെ   എന്റെ പഠന  നിലവാരം  കൂതറ യായപ്പോള്‍  ..
..ഞാന്‍ അവിടുത്തെ  മോശമല്ലാത്ത  പ്രോബ്ലം ചൈല്‍ഡ് ആയപ്പോള്‍ .
..എന്റെ ഉത്തര ക്കടലാസുകളില്‍  നൂറിനു മുകളിലെ  വരയ്ക്ക് മീതെ   സിംഗിള്‍  ഡിജിറ്റ്  മാര്‍ക്കുകള്‍  ഒറ്റക്കാലില്‍  നൃത്തം  ചെയ്തു  തുടങ്ങിയപ്പോള്‍ ...
എന്റെ  അച്ഛന്‍ മാഷ്‌  എന്നെ  കാര്യമായി തന്നെ  ശിക്ഷിക്കാന്‍  തീരുമാനിച്ചു 

പതിനഞ്ചോളം  വരുന്ന,  ഒന്നിനൊന്നു മെച്ചപ്പെട്ട  എന്റെ ചങ്ങാതി ക്കൂട്ടത്തില്‍  നിന്ന് എന്നെ അടര്‍ത്തി മാറ്റി ,..എന്നിട്ട്  അകലെയുള്ള  ..ഒരു പരിചയമോ  അറിയാവുന്ന  ഒരു കുട്ടിയോ ഇല്ലാത്ത  മറ്റൊരു സ്കൂളില്‍   ചേര്‍ക്കാന്‍ തീരുമാനിച്ചു . 
...എന്റെ അമ്മാവനെ  ആ കൃത്യ  നിര്‍വഹണത്തിന്  ചുമതല പ്പെടുത്തി ....
       അങ്ങനെയാണ്  ഞാന്‍ പേടിച്ചു  പതറി   നാരായണന്‍ മാഷിന്റെ  മുന്നില്‍ എത്തിയത് .

  മാഷ്‌  കത്ത്  വായിച്ചു ..എന്നെ  തറപ്പിച്ചൊന്നു  നോക്കി ....ഞാന്‍ അമ്മാവന്റെ  പിന്നിലേക്ക് ഒന്ന് കൂടി  ഒതുങ്ങി ..മാഷ്‌ ഒരിക്കല്‍ കൂടി  ഒന്ന്തറപ്പിച്ചു നോക്കിയാല്‍  കരഞ്ഞു പോകുന്ന അവസ്ഥയില്‍   മുഖം കുനിച്ച്  നിന്നു.

''ആരാ പറഞ്ഞത്  ഇവള്‍ പഠിക്കില്ലെന്ന് ...?''

അപ്രതീക്ഷിതമായിരുന്നു  ആ വാക്കുകള്‍    .ഞാന്‍ മെല്ലെ മുഖമുയര്‍ത്തി .

....കരുണയും  വാത്സല്യവും  താക്കീതും ഒക്കെ തുല്യ അളവില്‍  ചാലിച്ച്  ചേര്‍ത്ത  ചിരിക്കുന്ന കണ്ണുകള്‍   എന്നെ തന്നെ നോക്കുന്നു ..

ആ ഒരു നിമിഷത്തില്‍  എന്നിലേക്ക്‌ പെയ്തിറങ്ങിയ  ആത്മ വിശ്വാസം 
എത്രയെന്നു  വിശദീകരിക്കാന്‍ ആവില്ല ...

  ഞാനാണെങ്കില്‍   ആ കത്തിനെ കുറിച്ച്  വെപ്രാളം കൊണ്ട്  ശ്വാസം ഇപ്പൊ കൈവിട്ടു പോകും  എന്ന അവസ്ഥയില്‍ നില്‍ക്കുകയാണ് ...

  മറ്റേ  സ്കൂളിലെ  എന്റെ  താന്തോന്നിത്തരം  മൊത്തം  എഴുതിയിട്ടുണ്ടാവുമോ എന്ന  ആശങ്ക ..അമ്മാവന്‍  ആണെങ്കില്‍  ഇങ്ങനെയൊരു കത്തിനെ പറ്റി  മിണ്ടിയിട്ടെ ഇല്ല ......ആ സ്കൂളിന്റെ കെട്ടും മട്ടും  അന്തരീക്ഷവുമൊക്കെ കണ്ടപ്പോഴേ   സംഗതി  അത്ര ഈസി  അല്ലെന്നും എനിക്ക് ബോധ്യപ്പെട്ടിരുന്നു ....ആകെ മൊത്തം  കണ്ണൊക്കെ  നിറഞ്ഞു  അടുത്ത  നിമിഷം  ഒരു  സീന്‍  ക്രിയേറ്റ്  ചെയ്യപ്പെടും  എന്ന് ഭയന്ന്  നില്‍ക്കുമ്പോഴാണ്   നാരായണന്‍ മാഷ്‌    കൃത്യമായ  ഉത്തരം  കൊണ്ടൊരു   ചോദ്യം  എറിഞ്ഞു  എന്നെ നോക്കി  ഒരു നക്ഷത്രച്ചിരി   ചിരിച്ചത് ...

      നീ നാളെ മുതല്‍  നന്നായി പഠിക്കും  ...നിനക്കതിനു  കഴിയും  എന്ന വ്യക്തമായ  സന്ദേശം  ആയിരുന്നു  ആ ചോദ്യം ...
.......

     ആദ്യത്തെ  ആഴ്ച  ശരിക്കും  ഒരു പരീക്ഷണ  ഘട്ടം തന്നെ  ആയിരുന്നു ....മറ്റു കുട്ടികള്‍  ഒരു അത്ഭുത  വസ്തുവിനെ  നോക്കുമ്പോലെ ...ഏഴാം  ക്ലാസിലേക്ക്  മാത്രമായി കയറി വന്ന കുട്ടിയെ  അത്ര വേഗം  അംഗീകരിക്കാന്‍  അവര്‍ തയ്യാറായില്ല ....മാത്രമല്ല  എനിക്ക് ആ സ്കൂളിലെ യൂണിഫോം  ഇല്ലായിരുന്നു ...എന്തോ  വലിയ കുറ്റം  ചെയ്ത  പോലെ ഞാനും .

  പക്ഷെ ..പിടിച്ചതിനെ ക്കാളും  വലുത്  മാളത്തില്‍  എന്ന പോലെ എന്റെ  ശനിദശ  പിന്നെയും ബാക്കി ...
    ഒരാഴ്ച കഴിഞ്ഞിട്ടും  അച്ഛന്‍  യൂണിഫോം  വാങ്ങിത്തരാന്‍ തയ്യാറായില്ല ..മാത്രമല്ല  യൂണിഫോം ഇല്ലാതെ ആയിരിക്കും തന്റെ മകള്‍  അവിടെ പഠിക്കുക  എന്നറിയിച്ച്  ഒരു സ്റ്റൈലന്‍  കത്തും അച്ഛന്‍  തന്നു വിട്ടു ...
..........

     എന്റെ സങ്കടങ്ങള്‍ കൂടി ..
    .ഒറ്റയ്ക്കുള്ള  ഒരു മണിക്കൂര്‍  വിജനമായ വഴിയിലൂടെ യാത്ര ...പേടിച്ചു പലപ്പോഴും  ഞാന്‍ നടക്കുകയല്ല  ,ഓടുകയാണ് ചെയ്തത് ..രണ്ടു കുന്നുകള്‍  കയറി ഇറങ്ങണം .അത് പക്ഷെ എനിക്ക് പ്രശ്നമായിരുന്നില്ല ..

..അത് കഴിഞ്ഞാലാണ്  എന്റെ പേടിയുടെ ഒന്നാമത്തെ  താവളം ...ചെരുപ്പ് കുത്തി കോളനി  എന്ന് വിളിക്കപ്പെടുന്ന  കന്നഡ സംസാരിക്കുന്ന  ഒരു കൂട്ടം ആളുകള്‍ താമസിക്കുന്ന  കോളനി

ആ  വലിയ പറമ്പില്‍  അങ്ങിങ്ങായി  കാളയുടെയും പോത്തിന്റെയും  എല്ലുകളും തലയോടുകളും ..

വലിയ ചൂളകളില്‍  കക്ക നീറ്റി  ചുണ്ണാമ്പ്  ആക്കി മാറുമ്പോള്‍  ഉയര്‍ന്നു പൊങ്ങുന്ന  പുകയുടെ മടുപ്പിക്കുന്ന ഗന്ധം ...
..സ്കൂളിലൊന്നും പോവാന്‍ കൂട്ടാക്കാത്ത കുറെ കുട്ടികള്‍ ...ആ വഴിയില്‍ എന്നെ കാണേണ്ട താമസം ..അവര്‍ ഉറക്കെ ചോദിക്കാന്‍ തുടങ്ങും

''യെ ഹുട്ഗി ...നിന്ന ഹെസ്രെനു  ഹുട്ഗി..?''

അപ്പോള്‍ ഞാന്‍ ഓടാന്‍ തുടങ്ങും ...സത്യത്തില്‍  അവര്‍ എന്റെ പേരാണ്  ചോദിക്കുന്നത് എന്ന് പിന്നീടാണ്  എനിക്ക് മനസിലായത് ..കുറെ വര്ഷങ്ങള്‍  കഴിഞ്ഞപ്പോള്‍ .....  
   പിന്നെയും കുറെ നടന്നാല്‍  പണയക്കാട്ട്  പുലിക്കണ്ട്ന്‍
 തെയ്യത്തിന്റെ  വലിയ കാവ്.       .ജട പിടിച്ചു ഇട തൂര്‍ന്ന്‍  വിജനമായ ചുറ്റുപാടുകള്‍ക്ക് നടുവില്‍   ഒരു കാവല്‍ക്കാരനെ പോലെ  കാവ് ...കാവിനുള്ളിലേക്ക്  നട വഴി ...നടുവില്‍ ഒരു കല്‍ത്തറ ...കല്‍വിളക്ക് ..

.അതിന്റെ മുന്നിലൂടെയുള്ള  നടപ്പ്..പേടിച്ച്  ശരീരം  ചുരുങ്ങിപ്പോവും  കാവിനു  മുന്നില്‍  നിന്ന് കണ്ണടച്  എന്നും പ്രാര്‍ഥിച്ചു .....തെയ്യത്തിനോട്  സങ്കടങ്ങള്‍  എല്ലാം പറഞ്ഞു  പിന്നെയും നടന്നു .
.തെയ്യത്തിനോട് സങ്കടങ്ങള്‍ പറയാന്‍ അമ്മയാണ് പറഞ്ഞത്

..പേടിയാവുമ്പോള്‍  തെയ്യത്തിനെ വിളിച്ചാല്‍ മതിയെന്നും അമ്മ പറഞ്ഞിരുന്നു

അതുകൊണ്ടാവും പേടിച്ചോടുമ്പോഴെല്ലാം  ചിലമ്പിന്റെയും വാളിന്റെയും ശബ്ദം  എന്നെ പിന്തുടര്‍ന്നത് ...കുരുത്തോല കൊണ്ടുള്ള തെയ്യത്തിന്റെ  അരമടയില്‍  അമ്മമ്മയുടെ  കരുതല്‍  അനുഭവിച്ചറിഞ്ഞത് ....ആ  വര്‍ഷമാണ്‌  എന്റെ പേടിയോടൊപ്പം  തെയ്യവും  എന്റെ കൂടെ  നടക്കാന്‍ തുടങ്ങിയത് .
.........................

   രണ്ടാമത്തെ  തിങ്കളാഴ്ച  ഒന്നിനും ഒരു ഉറപ്പില്ലാതെ  ഞാന്‍ സ്കൂളിലെത്തി ..യൂണിഫോം ഇല്ലായ്മ  ഇനി എങ്ങിനെയാണാവോ എന്നെ ബാധിക്കുന്നത് ....ഞാന്‍ ആകെ ധര്‍മ  സങ്കടത്തിലായി .... ഇത്രയും അനാഥത്വം അതിനു  മുമ്പ്  ഞാന്‍ അനുഭവിച്ചിരുന്നില്ല ....

പക്ഷെ  എന്നെയും  മറ്റു കുട്ടികളെയും  അമ്പരപ്പിച്ചു കൊണ്ട്  നാരായണന്‍ മാസ്റ്റര്‍  അന്ന് രാവിലെ അസ്സംബ്ലി യില്‍  ഒരു പ്രഖ്യാപനം നടത്തി ...

''എന്നെ അടുത്തേക്ക് വിളിപ്പിച്ച്  നിര്‍ത്തി ...എന്നിട്ട്  പറഞ്ഞു ...''ഇതാ ഇവള്‍  ഈ വര്ഷം  മുഴുവന്‍  യൂണിഫോം ഇല്ലാതെ  നമ്മുടെ സ്കൂളില്‍  പഠിക്കും ...ആരും  അതിനെക്കുറിച്ച്  ഒന്നും അവളോട്‌  ചോദിക്കരുത് ...''

....ആലക്കാടന്‍  നാരായണന്‍  മാഷിന്റെ  സ്കൂള്‍ അച്ചടക്കത്തിന്റെ  നിഘണ്ടുവില്‍  ഇല്ലാത്ത  ഒരു കാര്യം  ആണ് അന്ന് അവിടെ  സംഭവിച്ചത് ...

കുളിക്കാതെ വരുന്നവരെ  സ്കൂള്‍  കിണറിന്റെ സമീപം  നിര്‍ത്തി  പരസ്യമായി കുളിപ്പിച്ച്  മാത്രം ക്ലാസ്സില്‍ കയറ്റുന്ന  അത്ര   കാര്‍ക്കശ്യമാണ്  മാഷ്‌ ആ  സ്കൂളില്‍ നടപ്പാക്കിയിരുന്നത് ....അത് പേടിച്ചു ഒരൊറ്റ കുട്ടിയും കുളിക്കാതെ ,  നഖം മുറിക്കാതെ  ആ സ്കൂളിലേക്ക്  വരാന്‍  ധൈര്യം കാണിക്കാറില്ല . യൂണിഫോം ഇട്ടു വരാത്തവരെ  അപ്പൊ തന്നെ  തിരിച്ചയക്കും ..ഒറ്റക്കല്ല ..എസ്കോര്‍ട്ട് നു  രണ്ടു കുട്ടികളെയും പറഞ്ഞയക്കും ..ആള് മുങ്ങാതിരിക്കാന്‍ ...

അത്ര കാര്‍ക്കശ്യക്കാരനായ  അദ്ധ്യാപകനാണ്  അസ്സംബ്ലിയില്‍  ഒരു കുട്ടിക്ക് വേണ്ടി  തോറ്റുകൊടുത്തത് ...

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ്  വരെയുള്ള കുട്ടികളും   മാഷിന്റെ  അച്ചടക്ക സംഹിതകളെ  അക്ഷരം പ്രതി അനുവര്‍ത്തിക്കുന്ന  സഹപ്രവര്‍ത്തകരും ഉള്ള ആ സ്കൂളില്‍  എനിക്ക് വേണ്ടി മാത്രം നിയമം  മറി കടന്നത്‌ ....

സത്യത്തില്‍  മറ്റൊരു എല്‍ .പി സ്കൂളില്‍  ഇതേ കാര്‍ക്കശ്യത്തോടെ ഭരണം  നടത്തുന്ന എന്റെ അച്ഛന്‍ മാഷിനോട്‌  മകളുടെ യൂണിഫോമിന്റെ  പ്രശ്നത്തില്‍  വഴക്കിനു പോകാന്‍ നില്‍ക്കാതെ  ഒരു പന്ത്രണ്ടു വയസ്സുകാരിയുടെ  നൊമ്പരങ്ങളെ  സ്വയം ഏറ്റെടുക്കുകയാണ്  മാഷ്‌ ചെയ്തത്

യൂണിഫോം വാങ്ങാന്‍  കഴിവില്ലാത്ത കുട്ടികള്‍ക്ക്  സ്കൂള്‍ വക വാങ്ങി കൊടുത്തിരുന്നു ...പക്ഷെ എന്റെ കാര്യത്തില്‍  അതും  അസാധ്യമായിരുന്നു...പക്ഷെ  ആ നിസ്സഹായാവസ്ഥയില്‍  എന്നെ കുരുക്കിയിടാന്‍  ആ മഹാ അദ്ധ്യാപകന്‍  അന്ന് തയ്യാറായില്ല ...

ആ ഗുരു മനസ്സ്  ഈ പന്ത്രണ്ടു കാരിയെ  ദത്തെടുക്കുകയായിരുന്നു ....

.
        എല്ലാ ദിവസവും രാവിലെ  നേരത്തെ സ്കൂളില്‍ എത്തണമെന്നും .എന്നും രാവിലെ മാഷിനെ കണ്ടിട്ടേ ക്ലാസില്‍ കയറാവു എന്നും  ആണ്  എനിക്ക് തന്ന നിര്‍ദ്ദേശം .....ഏതു തിരക്കിനിടയിലും  എന്നോട് കാര്യങ്ങള്‍ തിരക്കാനും  ,ആ സ്പെഷ്യല്‍ നക്ഷത്രച്ചിരി  എനിക്ക് സമ്മാനിക്കാനും മാഷ്‌  ശ്രദ്ധിച്ചു .

മാഷും സഹ പ്രവര്‍ത്തകരും  ഏറെ വാത്സല്യത്തോടെ ,കരുതലോടെ  എന്നോട് പെരുമാറി ..കുട്ടികള്‍   മെല്ലെ  മെല്ലെ യൂനിഫോം  ഇടാത്ത സ്പെഷ്യല്‍  കുട്ടിയോട്   അടുപ്പം കാണിക്കാന്‍ തുടങ്ങി ...  

   യൂണിഫോമിന്റെ  കാര്യം തീര്‍പ്പായെങ്കിലും  എന്നില്‍  ആരോടും പറയാനാവാത്ത  വേദന  നിറഞ്ഞു നിന്നു...ഞാന്‍  വേര്‍തിരിക്കപ്പെട്ടവള്‍ ആയി ...ഓരോ ദിവസവും  അതെന്നെ തളര്‍ത്തി....എന്റെ കളര്‍ കുപ്പായങ്ങളെ  ഞാന്‍ വെറുത്തു ...ഒരു ദിവസമെങ്കിലും ആ സ്കൂളിലെ യൂണിഫോം ഇട്ടു സ്കൂളില്‍ പോകാന്‍  ഞാന്‍ വല്ലാതെ  കൊതിച്ചു .

എന്നാല്‍ ആ നൊമ്പരത്തില്‍  ഞാന്‍  തളച്ചിടപ്പെടാതിരിക്കാന്‍  മാഷ്‌ അങ്ങേയറ്റം ശ്രദ്ധിച്ചു . എല്ലാ ദിവസവും എനിക്ക് സ്പെഷ്യല്‍  ശ്രദ്ധയാണ്  മാഷും അവിടുത്തെ   മറ്റെല്ലാ അദ്ധ്യാപകരും  നല്‍കിയത് ...ഒരിക്കലും ശിക്ഷിച്ചില്ലെന്നു  മാത്രമല്ല  എന്റെ ഓരോ നേട്ടത്തെയും  അഭിനന്ദിച്ചു .

 എന്താണോ  നാരായണന്‍ മാഷ്‌  ലക്‌ഷ്യം വെച്ചത് ,  അത് തന്നെ സംഭവിച്ചു ...എന്റെ എല്ലാ കഴിവുകളും ഞാന്‍ പുറത്തെടുത്തു ...ക്ലാസിലും  സാഹിത്യ സമാജങ്ങളിലും സ്പോര്‍ട്സ് ഗ്രൌണ്ടിലും  ഞാന്‍  ആ സ്കൂളിലെ മികച്ച കുട്ടികളോടൊപ്പം  എത്തി .....അച്ഛന്‍ മാഷിന്റെ മുന്നിലേക്ക് അമ്പരപ്പിക്കുന്ന പുരോഗതിയുടെ  പ്രോഗ്രെസ് റിപ്പോര്‍ട്ടുകള്‍  അഭിമാനത്തോടെ  എത്തിക്കൊണ്ടിരുന്നു ...

     എന്റെ  നോട്ടു ബുക്കുകളിലും പ്രോഗ്രസ്സ് കാര്‍ഡുകളിലും  അച്ഛന്‍  സന്തോഷത്തോടെ  ഒപ്പിട്ടു  കൊണ്ടിരുന്നപ്പോള്‍  നാരായണന്‍  മാഷ്‌  ചിരിച്ചു .    മൌനമായി ..എന്നിലേക്ക്  വാത്സല്യത്തിന്റെ . ,കരുണയുടെ  നക്ഷത്ര പ്പൂവുകള്‍  പെയ്തു കൊണ്ടേയിരുന്നു ..

    എന്റെ  ഓര്‍മ്മയില്‍    ഒരു ക്ഷേത്ര വിശുദ്ധിയോടെ ഞാന്‍  സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരു വര്ഷം  ആണ് ഇത് ..ഇതിനു മുമ്പോ പിമ്പോ അങ്ങനെയൊരു  മഹത്തരമായ  കാലം എനിക്കുണ്ടായിട്ടില്ല .

  ഒന്നാം ക്ലാസ് മുതല്‍ എന്നെ പഠിപ്പിച്ചിട്ടുള്ള   എന്റെ  അച്ഛന്‍ അടക്കമുള്ള  എല്ലാ അധ്യാപകരെയും  ഞാന്‍ ആദരവോടെ  സ്മരിക്കുന്നു ..

  എന്നാല്‍  ആലക്കാടന്‍ നാരായണന്‍  മാഷ്‌ എന്റെ ഗുരുവും  രക്ഷിതാവും  ദൈവവും ആയിരുന്നു .  ഒരു അദ്ധ്യാപിക ആയപ്പോള്‍  എന്റെ വഴികാട്ടി ആയിരുന്നു ..
എന്റെ  ക്ലാസിലെ  കുട്ടികളുടെ മുന്നില്‍  ഞാന്‍ പകുതി ടീച്ചറും  പകുതി  കുട്ടിയും ആയത്  ഈ അദ്ധ്യാപകന്‍  അന്നെനിക്ക് നല്‍കിയ  കരുണയുടെ മഹത്തായ പാഠങ്ങള്‍  കൊണ്ടാണ് ...

     ആ മഹാനായ  ഗുരുവിനു  ആദരാഞ്ജലികള്‍  അര്‍പ്പിക്കുന്നു ...ആ സ്മരണകളില്‍   സാഷ്ടാംഗം  പ്രണമിക്കുന്നു ..

                          .........................................................................................
  

പ്രണാമം

ആവില്ല മറയ്ക്കുവാന്‍ 

.........................................................


                ആവില്ല  മറയ്ക്കുവാന്‍   ആയിരം മുഖങ്ങളാല്‍ 
                ഈ സൂര്യ  തേജസ്സിനെ ......
                
               ആവില്ല  ജയിക്കുവാന്‍  ആയിരം  നാവുകളാല്‍ 
              ഈ  ശര  വചസ്സുകളെ ....

              സത്യം നിന്‍ നടനം ....അനുപമം  നിന്‍ ശൈലി ...
               അമേയം  നിന്‍ മുഖ ഗാംഭീര്യം 
               പ്രണാമം   ഈ മഹാ മേരുവിനു ....

Monday 23 September 2013

മൌന മഹാ സാഗരം ...

ധ്വനി 

............
ഒതുക്കി വെക്കപ്പെട്ട  ശബ്ദങ്ങള്‍ ആണ് 
                                                  പ്രപഞ്ചത്തിന്റെ  മഹാ മൌനങ്ങള്‍ ..

            കൂട്ടില്‍ കുറുകുന്ന  പ്രാവ് 
           ചിറകു  വിരിക്കുന്നതും 
           പറന്നടുക്കുന്നതും 
      ആകാശത്തിന്റെ  കാത്തിരിപ്പാണ് .

         സൂര്യനെ  അളക്കാന്‍ 
        ഭൂമി എപ്പൊഴും 
  അളവുപാത്രങ്ങള്‍  മാറ്റിക്കൊണ്ടേയിരിക്കുന്നു .

  ഈ ചാരു ബെഞ്ച്‌ 
ഭൂമിയുടെ മൃദു  നിശ്വാസങ്ങള്‍ 
ആകാശത്തിനു  ചൊല്ലിക്കൊടുക്കുന്നു ..
   അവിടെയാണ്  ഞാനെന്റെ കണ്ണും  കാതും  വെച്ചിരിക്കുന്നത് 
       ആ മന്ത്രം  കേള്‍ക്കാന്‍ .....ആ കാഴ്ചകള്‍  കാണാന്‍ .
................................................................................

Monday 2 September 2013

സാന്ത്വനം ..

       ആകാശ മാവാം
     ആകാശമാവാം  നിനക്ക്  ഞാന്‍  പ്രാവേ ..
    പറക്കാം  നിനക്കെന്റെ  മാനസ  ദൂരങ്ങളില്‍ ....
    ഉറങ്ങാം ഉണരാം ഈ നക്ഷത്ര രാവുകളില്‍ ...
          കുറുകാമെന്‍   നെഞ്ചിലെ  നിലാ ശാഖികളില്‍ ....
          ഉള്ളിലെ   ഉണങ്ങാത്ത  നോവുകള്‍  ഞാനെന്റെ 
              നൊമ്പരപ്പാട്ടിന്റെ    താള മാക്കാം..

                     ............................................................