Wednesday 1 April 2015

കരച്ചിലുകള്‍ മരിക്കുന്നില്ല

കരച്ചിലുകള്‍  മരിക്കുന്നില്ല

..നൂലിഴ മുറിയാതെ ,
എനിക്ക് ചുറ്റും നീ , നെയ്തു തീര്‍ക്കുന്നു
മഞ്ഞു മലപോലൊരു
,പെരുത്ത മഴയുടെ നിശാവസ്ത്രം

ഉള്ളിലെ നീറ്റല്‍ കെടുത്തുവാന്‍ , വൃഥാ
നോവെടുക്കുന്നതെന്തിനു നീ .. മഴമേഘമേ ?
എത്ര മേല്‍ പെയ്താലും
കെടുത്താനാവില്ലല്ലോ ,ഇന്നീ
തപിക്കുന്ന മനസ്സിലെ അഗ്നിനാളങ്ങളെ

അത്രമേല്‍ കറുത്തതും ,
അത്രമേല്‍ പൊള്ളുന്നതും
അത്രമേല്‍ വെറുങ്ങലിച്ചതും
ഉണങ്ങാത്തതും ആണ്
ഭൂമീ ശരീരത്തിലെ ചില വ്രണങ്ങള്‍

അധിനിവേശത്തിന്റെ ആര്‍ത്തിപൂണ്ട
വിഷ ഷെല്ലുകള്‍ക്ക്
അഭയാര്‍ത്ഥികളെ തിരിച്ചറിയുമോ
മരിച്ച അമ്മയുടെ ഉദരത്തില്‍
രണ്ടു നാള്‍ ആയുസ്സുള്ള ഒരു കുഞ്ഞു പൂവ് ...

എങ്ങിനെയാണ് ഈ മഴയില്‍
എനിക്ക് തണുക്കാനാവുക..?

പോകൂ ....
ഇവിടെയല്ല നീ പെയ്യേണ്ടത്
വെറുങ്ങലിച്ച ശവങ്ങളിലെ
ജീവിച്ചു കൊതി തീരാത്ത മുഖങ്ങള്‍ക്ക് മീതെ
വറ്റാത്ത ചോരക്കളങ്ങള്‍ക്ക് മീതെ
മരിക്കാത്തവരുടെ രോദനങ്ങള്‍ക്ക് മീതെ
തിമിര്‍ത്തു പെയ്യൂ ....
..........................................................

No comments:

Post a Comment