Friday 27 December 2013

നിസ്സംഗ യീ നിള .

        നിസ്സംഗയീ  നിള ...
....പറയുമോ നിളാനദി...നീപേരാറായ്,ഇരുകരകളെ പുണര്‍ന്ന്നിറഞ്ഞൊഴുകിയ
നിന്‍റെ വസന്ത കാലത്തിന്‍റെ ഓര്‍മകളെ ..?

നിള....'' എവിടെ പരതുമെന്നോര്‍മ്മകള്‍ ?
അശക്ത ഞാന്‍ ...ദീന ഞാന്‍
കഴുകന്‍റെ കണ്ണുകള്‍ നഖങ്ങള്‍
വെറി പൂണ്ടു മാന്തിയ മണല്‍ക്കൂനയല്ലേ ഞാന്‍ .

എവിടെ തിരയും ഞാനെന്‍ കരയുടെ
മാമാങ്ക പകല്‍ തിളക്കങ്ങളെ ...
എവിടെയെന്‍ പൗര്‍ണമി രാവുകള്‍
പാല്‍നിലാ പ്രണയത്തില്‍ ഈണങ്ങള്‍ മൂളിയ
വെള്ളി മണല്‍ ശയ്യകള്‍ ?

എവിടെയെന്‍ അലകളില്‍ നീരാടി ത്തെളിഞ്ഞ ചിന്തകള്‍ ?
എന്റെ തലോടലില്‍ പിറന്ന കാവ്യങ്ങള്‍
എന്‍റെതീരങ്ങളില്‍ വളര്‍ന്ന കഥനങ്ങള്‍
കളിയരങ്ങുകള്‍ ..ചിരിയരങ്ങുകള്‍
എന്നില്‍ കുളിച്ച് ഈറനണിഞ്ഞ
സര്‍ഗ സാന്നിധ്യങ്ങള്‍

ഇല്ല ..നിഴല്‍ പോലുമില്ലാത്ത നഷ്ട്ട സ്വപ്നങ്ങളെ
പകരാന്‍ എനിക്കാവില്ല ..പോവുക !

Monday 25 November 2013
















  ആകുലതകളുടെ  ഉച്ച വെയിലിനെ
 നഗര പാതയില്‍ ഉപേക്ഷിച്ച്‌
 ഗ്രാമത്തിന്‍റെ  അപരാഹ്നത്തിലൂടെ
 വിശുദ്ധിയുടെ  വാത്സല്യത്തിലേക്ക്
 ഒരു യാത്ര പോകുന്നു ഞാന്‍
വെറുതെ .....
വീണ്ടും തിരിച്ചു വരാന്‍ _
വേര്‍പിരിയാന്‍  കൂട്ടാക്കാത്ത  ഭ്രമങ്ങളിലേക്ക് ...
ഭ്രാന്തമായ് ....പിന്നെയും ...

ഗുരു
















               എന്റെ ഗുരു
..................................................
               ഗുരുവാണെനിക്കെന്നു മീ  വഴി ..
               ആദ്യത്തെ അറിവുകള്‍  എന്നില്‍  ചൊരിഞ്ഞവള്‍..
               എന്റെ മൌനങ്ങളെ   വാക്കുകള്‍ ആക്കിയോള്‍ ..
               എന്റെ നിനവുകള്‍ക്കൊപ്പം   നടന്നവള്‍
               എന്റെ കനവുകളില്‍  നിറക്കൂട്ടൊരുക്കിയോള്‍ .

                     പറയാതെയോതിയ  ഒരു നൂറു കഥകളില്‍
                     പാതിയും  പിന്നെയാ പാതിയുടെ പാതിയും
                     കേട്ടതീ  വഴിയിലെ  അരുമയാം  സാക്ഷികള്‍ .

               മഞ്ഞിന്‍  നേര്‍ത്ത  വസ്ത്രത്തില്‍ കുളിരുമ്പോഴും
               ഉച്ച വെയിലിലെ   ഉഷ്ണത്തില്‍ വേവുമ്പോഴും
               പോക്കുവെയിലിന്‍  ആര്‍ദ്രതയില്‍  നനയുമ്പോഴും
               സന്ധ്യ  സിന്ധൂര  രേണുക്കള്‍  അണിയുമ്പോഴും
               നീ എന്നോട്  ചൊന്നത് സ്നേഹമല്ലേ
              എന്നില്‍   ചോരിഞ്ഞത്  വിദ്യയല്ലേ ....

                   സൂക്ഷ്മവും സ്ഥൂലവും
                   ദൂരവും  വേഗവും
                   ഞാന്‍  തന്നെ  നീയെന്ന  ഗൂഡമാം  സത്യവും
                   പറയാതെ  നീയെന്നോടോതിയില്ലേ  .....!!
.............................................................................................................

മനസ്സ്












Tuesday 24 September 2013

ഗുരു വന്ദനം

കരുണ  പെയ്ത നക്ഷത്ര  കണ്ണുകള്‍ 

......................................................................
        ഇത് ആലക്കാടന്‍  നാരായണന്‍ മാഷ്‌ ....ഈ ഗുരു ശ്രേഷ്ടന്‍  പ്രധാന  അദ്ധ്യാപകന്‍  ആയിരുന്ന  ഓലാട്ട്  യു പി  സ്കൂളിലേക്ക്  ഒരു ദിവസം  പേടിച്ച്  വിറയ്ക്കുന്ന  ഒരു കുട്ടിയേയും  കൊണ്ട് അവളുടെ  അമ്മാവന്‍  കയറി വന്നു .
               ''എന്താ ?''

  ഗാന്ധിജി യുടെയും  നെഹ്രുവിന്റെയും  പടങ്ങള്‍  അലങ്കരിച്ച  ചുവരുകളും ,
പുസ്തകങ്ങളും  ട്രോഫികളും  ഫയലുകളും  ഭംഗിയായി അടുക്കി വെച്ച  ഷെല്‍ഫുകളും  ഉള്ള  വൃത്തിയുള്ള  ഓഫീസ്  മുറിയിലെ  കസേരയില്‍  ഇരുന്നു  ഗൌരവത്തോടെ  മാഷ്‌  ചോദിച്ചു .

  ''ഇവളെ  ഇവിടെ ഏഴാം ക്ലാസില്‍  ചേര്‍ക്കാന്‍ ..''
അതും പറഞ്ഞു  അമ്മാവന്‍ ഒരു കത്തെടുത്ത്  മാഷിന്റെ മേശപ്പുറത്ത് വെച്ചു.

 ഈശ്വരാ  അച്ഛന്‍ കത്തും കൊടുത്തു  വിട്ടിട്ടുണ്ടോ ...എന്താണാവോ അതില്‍ എഴുതി വെച്ചിരിക്കുന്നത് ...പെണ്‍കുട്ടിക്ക് കയ്യും കാലും തളരുന്നത് പോലെ ..
അവള്‍ ഒന്ന് കൂടി അമ്മാവന്റെ  അരികിലേക്ക്  ഒതുങ്ങി ...

      .......
ആദ്യം ചേര്‍ത്ത  കൊഴുമ്മല്‍  യു പി സ്കൂളിലെ   എന്റെ പഠന  നിലവാരം  കൂതറ യായപ്പോള്‍  ..
..ഞാന്‍ അവിടുത്തെ  മോശമല്ലാത്ത  പ്രോബ്ലം ചൈല്‍ഡ് ആയപ്പോള്‍ .
..എന്റെ ഉത്തര ക്കടലാസുകളില്‍  നൂറിനു മുകളിലെ  വരയ്ക്ക് മീതെ   സിംഗിള്‍  ഡിജിറ്റ്  മാര്‍ക്കുകള്‍  ഒറ്റക്കാലില്‍  നൃത്തം  ചെയ്തു  തുടങ്ങിയപ്പോള്‍ ...
എന്റെ  അച്ഛന്‍ മാഷ്‌  എന്നെ  കാര്യമായി തന്നെ  ശിക്ഷിക്കാന്‍  തീരുമാനിച്ചു 

പതിനഞ്ചോളം  വരുന്ന,  ഒന്നിനൊന്നു മെച്ചപ്പെട്ട  എന്റെ ചങ്ങാതി ക്കൂട്ടത്തില്‍  നിന്ന് എന്നെ അടര്‍ത്തി മാറ്റി ,..എന്നിട്ട്  അകലെയുള്ള  ..ഒരു പരിചയമോ  അറിയാവുന്ന  ഒരു കുട്ടിയോ ഇല്ലാത്ത  മറ്റൊരു സ്കൂളില്‍   ചേര്‍ക്കാന്‍ തീരുമാനിച്ചു . 
...എന്റെ അമ്മാവനെ  ആ കൃത്യ  നിര്‍വഹണത്തിന്  ചുമതല പ്പെടുത്തി ....
       അങ്ങനെയാണ്  ഞാന്‍ പേടിച്ചു  പതറി   നാരായണന്‍ മാഷിന്റെ  മുന്നില്‍ എത്തിയത് .

  മാഷ്‌  കത്ത്  വായിച്ചു ..എന്നെ  തറപ്പിച്ചൊന്നു  നോക്കി ....ഞാന്‍ അമ്മാവന്റെ  പിന്നിലേക്ക് ഒന്ന് കൂടി  ഒതുങ്ങി ..മാഷ്‌ ഒരിക്കല്‍ കൂടി  ഒന്ന്തറപ്പിച്ചു നോക്കിയാല്‍  കരഞ്ഞു പോകുന്ന അവസ്ഥയില്‍   മുഖം കുനിച്ച്  നിന്നു.

''ആരാ പറഞ്ഞത്  ഇവള്‍ പഠിക്കില്ലെന്ന് ...?''

അപ്രതീക്ഷിതമായിരുന്നു  ആ വാക്കുകള്‍    .ഞാന്‍ മെല്ലെ മുഖമുയര്‍ത്തി .

....കരുണയും  വാത്സല്യവും  താക്കീതും ഒക്കെ തുല്യ അളവില്‍  ചാലിച്ച്  ചേര്‍ത്ത  ചിരിക്കുന്ന കണ്ണുകള്‍   എന്നെ തന്നെ നോക്കുന്നു ..

ആ ഒരു നിമിഷത്തില്‍  എന്നിലേക്ക്‌ പെയ്തിറങ്ങിയ  ആത്മ വിശ്വാസം 
എത്രയെന്നു  വിശദീകരിക്കാന്‍ ആവില്ല ...

  ഞാനാണെങ്കില്‍   ആ കത്തിനെ കുറിച്ച്  വെപ്രാളം കൊണ്ട്  ശ്വാസം ഇപ്പൊ കൈവിട്ടു പോകും  എന്ന അവസ്ഥയില്‍ നില്‍ക്കുകയാണ് ...

  മറ്റേ  സ്കൂളിലെ  എന്റെ  താന്തോന്നിത്തരം  മൊത്തം  എഴുതിയിട്ടുണ്ടാവുമോ എന്ന  ആശങ്ക ..അമ്മാവന്‍  ആണെങ്കില്‍  ഇങ്ങനെയൊരു കത്തിനെ പറ്റി  മിണ്ടിയിട്ടെ ഇല്ല ......ആ സ്കൂളിന്റെ കെട്ടും മട്ടും  അന്തരീക്ഷവുമൊക്കെ കണ്ടപ്പോഴേ   സംഗതി  അത്ര ഈസി  അല്ലെന്നും എനിക്ക് ബോധ്യപ്പെട്ടിരുന്നു ....ആകെ മൊത്തം  കണ്ണൊക്കെ  നിറഞ്ഞു  അടുത്ത  നിമിഷം  ഒരു  സീന്‍  ക്രിയേറ്റ്  ചെയ്യപ്പെടും  എന്ന് ഭയന്ന്  നില്‍ക്കുമ്പോഴാണ്   നാരായണന്‍ മാഷ്‌    കൃത്യമായ  ഉത്തരം  കൊണ്ടൊരു   ചോദ്യം  എറിഞ്ഞു  എന്നെ നോക്കി  ഒരു നക്ഷത്രച്ചിരി   ചിരിച്ചത് ...

      നീ നാളെ മുതല്‍  നന്നായി പഠിക്കും  ...നിനക്കതിനു  കഴിയും  എന്ന വ്യക്തമായ  സന്ദേശം  ആയിരുന്നു  ആ ചോദ്യം ...
.......

     ആദ്യത്തെ  ആഴ്ച  ശരിക്കും  ഒരു പരീക്ഷണ  ഘട്ടം തന്നെ  ആയിരുന്നു ....മറ്റു കുട്ടികള്‍  ഒരു അത്ഭുത  വസ്തുവിനെ  നോക്കുമ്പോലെ ...ഏഴാം  ക്ലാസിലേക്ക്  മാത്രമായി കയറി വന്ന കുട്ടിയെ  അത്ര വേഗം  അംഗീകരിക്കാന്‍  അവര്‍ തയ്യാറായില്ല ....മാത്രമല്ല  എനിക്ക് ആ സ്കൂളിലെ യൂണിഫോം  ഇല്ലായിരുന്നു ...എന്തോ  വലിയ കുറ്റം  ചെയ്ത  പോലെ ഞാനും .

  പക്ഷെ ..പിടിച്ചതിനെ ക്കാളും  വലുത്  മാളത്തില്‍  എന്ന പോലെ എന്റെ  ശനിദശ  പിന്നെയും ബാക്കി ...
    ഒരാഴ്ച കഴിഞ്ഞിട്ടും  അച്ഛന്‍  യൂണിഫോം  വാങ്ങിത്തരാന്‍ തയ്യാറായില്ല ..മാത്രമല്ല  യൂണിഫോം ഇല്ലാതെ ആയിരിക്കും തന്റെ മകള്‍  അവിടെ പഠിക്കുക  എന്നറിയിച്ച്  ഒരു സ്റ്റൈലന്‍  കത്തും അച്ഛന്‍  തന്നു വിട്ടു ...
..........

     എന്റെ സങ്കടങ്ങള്‍ കൂടി ..
    .ഒറ്റയ്ക്കുള്ള  ഒരു മണിക്കൂര്‍  വിജനമായ വഴിയിലൂടെ യാത്ര ...പേടിച്ചു പലപ്പോഴും  ഞാന്‍ നടക്കുകയല്ല  ,ഓടുകയാണ് ചെയ്തത് ..രണ്ടു കുന്നുകള്‍  കയറി ഇറങ്ങണം .അത് പക്ഷെ എനിക്ക് പ്രശ്നമായിരുന്നില്ല ..

..അത് കഴിഞ്ഞാലാണ്  എന്റെ പേടിയുടെ ഒന്നാമത്തെ  താവളം ...ചെരുപ്പ് കുത്തി കോളനി  എന്ന് വിളിക്കപ്പെടുന്ന  കന്നഡ സംസാരിക്കുന്ന  ഒരു കൂട്ടം ആളുകള്‍ താമസിക്കുന്ന  കോളനി

ആ  വലിയ പറമ്പില്‍  അങ്ങിങ്ങായി  കാളയുടെയും പോത്തിന്റെയും  എല്ലുകളും തലയോടുകളും ..

വലിയ ചൂളകളില്‍  കക്ക നീറ്റി  ചുണ്ണാമ്പ്  ആക്കി മാറുമ്പോള്‍  ഉയര്‍ന്നു പൊങ്ങുന്ന  പുകയുടെ മടുപ്പിക്കുന്ന ഗന്ധം ...
..സ്കൂളിലൊന്നും പോവാന്‍ കൂട്ടാക്കാത്ത കുറെ കുട്ടികള്‍ ...ആ വഴിയില്‍ എന്നെ കാണേണ്ട താമസം ..അവര്‍ ഉറക്കെ ചോദിക്കാന്‍ തുടങ്ങും

''യെ ഹുട്ഗി ...നിന്ന ഹെസ്രെനു  ഹുട്ഗി..?''

അപ്പോള്‍ ഞാന്‍ ഓടാന്‍ തുടങ്ങും ...സത്യത്തില്‍  അവര്‍ എന്റെ പേരാണ്  ചോദിക്കുന്നത് എന്ന് പിന്നീടാണ്  എനിക്ക് മനസിലായത് ..കുറെ വര്ഷങ്ങള്‍  കഴിഞ്ഞപ്പോള്‍ .....  
   പിന്നെയും കുറെ നടന്നാല്‍  പണയക്കാട്ട്  പുലിക്കണ്ട്ന്‍
 തെയ്യത്തിന്റെ  വലിയ കാവ്.       .ജട പിടിച്ചു ഇട തൂര്‍ന്ന്‍  വിജനമായ ചുറ്റുപാടുകള്‍ക്ക് നടുവില്‍   ഒരു കാവല്‍ക്കാരനെ പോലെ  കാവ് ...കാവിനുള്ളിലേക്ക്  നട വഴി ...നടുവില്‍ ഒരു കല്‍ത്തറ ...കല്‍വിളക്ക് ..

.അതിന്റെ മുന്നിലൂടെയുള്ള  നടപ്പ്..പേടിച്ച്  ശരീരം  ചുരുങ്ങിപ്പോവും  കാവിനു  മുന്നില്‍  നിന്ന് കണ്ണടച്  എന്നും പ്രാര്‍ഥിച്ചു .....തെയ്യത്തിനോട്  സങ്കടങ്ങള്‍  എല്ലാം പറഞ്ഞു  പിന്നെയും നടന്നു .
.തെയ്യത്തിനോട് സങ്കടങ്ങള്‍ പറയാന്‍ അമ്മയാണ് പറഞ്ഞത്

..പേടിയാവുമ്പോള്‍  തെയ്യത്തിനെ വിളിച്ചാല്‍ മതിയെന്നും അമ്മ പറഞ്ഞിരുന്നു

അതുകൊണ്ടാവും പേടിച്ചോടുമ്പോഴെല്ലാം  ചിലമ്പിന്റെയും വാളിന്റെയും ശബ്ദം  എന്നെ പിന്തുടര്‍ന്നത് ...കുരുത്തോല കൊണ്ടുള്ള തെയ്യത്തിന്റെ  അരമടയില്‍  അമ്മമ്മയുടെ  കരുതല്‍  അനുഭവിച്ചറിഞ്ഞത് ....ആ  വര്‍ഷമാണ്‌  എന്റെ പേടിയോടൊപ്പം  തെയ്യവും  എന്റെ കൂടെ  നടക്കാന്‍ തുടങ്ങിയത് .
.........................

   രണ്ടാമത്തെ  തിങ്കളാഴ്ച  ഒന്നിനും ഒരു ഉറപ്പില്ലാതെ  ഞാന്‍ സ്കൂളിലെത്തി ..യൂണിഫോം ഇല്ലായ്മ  ഇനി എങ്ങിനെയാണാവോ എന്നെ ബാധിക്കുന്നത് ....ഞാന്‍ ആകെ ധര്‍മ  സങ്കടത്തിലായി .... ഇത്രയും അനാഥത്വം അതിനു  മുമ്പ്  ഞാന്‍ അനുഭവിച്ചിരുന്നില്ല ....

പക്ഷെ  എന്നെയും  മറ്റു കുട്ടികളെയും  അമ്പരപ്പിച്ചു കൊണ്ട്  നാരായണന്‍ മാസ്റ്റര്‍  അന്ന് രാവിലെ അസ്സംബ്ലി യില്‍  ഒരു പ്രഖ്യാപനം നടത്തി ...

''എന്നെ അടുത്തേക്ക് വിളിപ്പിച്ച്  നിര്‍ത്തി ...എന്നിട്ട്  പറഞ്ഞു ...''ഇതാ ഇവള്‍  ഈ വര്ഷം  മുഴുവന്‍  യൂണിഫോം ഇല്ലാതെ  നമ്മുടെ സ്കൂളില്‍  പഠിക്കും ...ആരും  അതിനെക്കുറിച്ച്  ഒന്നും അവളോട്‌  ചോദിക്കരുത് ...''

....ആലക്കാടന്‍  നാരായണന്‍  മാഷിന്റെ  സ്കൂള്‍ അച്ചടക്കത്തിന്റെ  നിഘണ്ടുവില്‍  ഇല്ലാത്ത  ഒരു കാര്യം  ആണ് അന്ന് അവിടെ  സംഭവിച്ചത് ...

കുളിക്കാതെ വരുന്നവരെ  സ്കൂള്‍  കിണറിന്റെ സമീപം  നിര്‍ത്തി  പരസ്യമായി കുളിപ്പിച്ച്  മാത്രം ക്ലാസ്സില്‍ കയറ്റുന്ന  അത്ര   കാര്‍ക്കശ്യമാണ്  മാഷ്‌ ആ  സ്കൂളില്‍ നടപ്പാക്കിയിരുന്നത് ....അത് പേടിച്ചു ഒരൊറ്റ കുട്ടിയും കുളിക്കാതെ ,  നഖം മുറിക്കാതെ  ആ സ്കൂളിലേക്ക്  വരാന്‍  ധൈര്യം കാണിക്കാറില്ല . യൂണിഫോം ഇട്ടു വരാത്തവരെ  അപ്പൊ തന്നെ  തിരിച്ചയക്കും ..ഒറ്റക്കല്ല ..എസ്കോര്‍ട്ട് നു  രണ്ടു കുട്ടികളെയും പറഞ്ഞയക്കും ..ആള് മുങ്ങാതിരിക്കാന്‍ ...

അത്ര കാര്‍ക്കശ്യക്കാരനായ  അദ്ധ്യാപകനാണ്  അസ്സംബ്ലിയില്‍  ഒരു കുട്ടിക്ക് വേണ്ടി  തോറ്റുകൊടുത്തത് ...

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ്  വരെയുള്ള കുട്ടികളും   മാഷിന്റെ  അച്ചടക്ക സംഹിതകളെ  അക്ഷരം പ്രതി അനുവര്‍ത്തിക്കുന്ന  സഹപ്രവര്‍ത്തകരും ഉള്ള ആ സ്കൂളില്‍  എനിക്ക് വേണ്ടി മാത്രം നിയമം  മറി കടന്നത്‌ ....

സത്യത്തില്‍  മറ്റൊരു എല്‍ .പി സ്കൂളില്‍  ഇതേ കാര്‍ക്കശ്യത്തോടെ ഭരണം  നടത്തുന്ന എന്റെ അച്ഛന്‍ മാഷിനോട്‌  മകളുടെ യൂണിഫോമിന്റെ  പ്രശ്നത്തില്‍  വഴക്കിനു പോകാന്‍ നില്‍ക്കാതെ  ഒരു പന്ത്രണ്ടു വയസ്സുകാരിയുടെ  നൊമ്പരങ്ങളെ  സ്വയം ഏറ്റെടുക്കുകയാണ്  മാഷ്‌ ചെയ്തത്

യൂണിഫോം വാങ്ങാന്‍  കഴിവില്ലാത്ത കുട്ടികള്‍ക്ക്  സ്കൂള്‍ വക വാങ്ങി കൊടുത്തിരുന്നു ...പക്ഷെ എന്റെ കാര്യത്തില്‍  അതും  അസാധ്യമായിരുന്നു...പക്ഷെ  ആ നിസ്സഹായാവസ്ഥയില്‍  എന്നെ കുരുക്കിയിടാന്‍  ആ മഹാ അദ്ധ്യാപകന്‍  അന്ന് തയ്യാറായില്ല ...

ആ ഗുരു മനസ്സ്  ഈ പന്ത്രണ്ടു കാരിയെ  ദത്തെടുക്കുകയായിരുന്നു ....

.
        എല്ലാ ദിവസവും രാവിലെ  നേരത്തെ സ്കൂളില്‍ എത്തണമെന്നും .എന്നും രാവിലെ മാഷിനെ കണ്ടിട്ടേ ക്ലാസില്‍ കയറാവു എന്നും  ആണ്  എനിക്ക് തന്ന നിര്‍ദ്ദേശം .....ഏതു തിരക്കിനിടയിലും  എന്നോട് കാര്യങ്ങള്‍ തിരക്കാനും  ,ആ സ്പെഷ്യല്‍ നക്ഷത്രച്ചിരി  എനിക്ക് സമ്മാനിക്കാനും മാഷ്‌  ശ്രദ്ധിച്ചു .

മാഷും സഹ പ്രവര്‍ത്തകരും  ഏറെ വാത്സല്യത്തോടെ ,കരുതലോടെ  എന്നോട് പെരുമാറി ..കുട്ടികള്‍   മെല്ലെ  മെല്ലെ യൂനിഫോം  ഇടാത്ത സ്പെഷ്യല്‍  കുട്ടിയോട്   അടുപ്പം കാണിക്കാന്‍ തുടങ്ങി ...  

   യൂണിഫോമിന്റെ  കാര്യം തീര്‍പ്പായെങ്കിലും  എന്നില്‍  ആരോടും പറയാനാവാത്ത  വേദന  നിറഞ്ഞു നിന്നു...ഞാന്‍  വേര്‍തിരിക്കപ്പെട്ടവള്‍ ആയി ...ഓരോ ദിവസവും  അതെന്നെ തളര്‍ത്തി....എന്റെ കളര്‍ കുപ്പായങ്ങളെ  ഞാന്‍ വെറുത്തു ...ഒരു ദിവസമെങ്കിലും ആ സ്കൂളിലെ യൂണിഫോം ഇട്ടു സ്കൂളില്‍ പോകാന്‍  ഞാന്‍ വല്ലാതെ  കൊതിച്ചു .

എന്നാല്‍ ആ നൊമ്പരത്തില്‍  ഞാന്‍  തളച്ചിടപ്പെടാതിരിക്കാന്‍  മാഷ്‌ അങ്ങേയറ്റം ശ്രദ്ധിച്ചു . എല്ലാ ദിവസവും എനിക്ക് സ്പെഷ്യല്‍  ശ്രദ്ധയാണ്  മാഷും അവിടുത്തെ   മറ്റെല്ലാ അദ്ധ്യാപകരും  നല്‍കിയത് ...ഒരിക്കലും ശിക്ഷിച്ചില്ലെന്നു  മാത്രമല്ല  എന്റെ ഓരോ നേട്ടത്തെയും  അഭിനന്ദിച്ചു .

 എന്താണോ  നാരായണന്‍ മാഷ്‌  ലക്‌ഷ്യം വെച്ചത് ,  അത് തന്നെ സംഭവിച്ചു ...എന്റെ എല്ലാ കഴിവുകളും ഞാന്‍ പുറത്തെടുത്തു ...ക്ലാസിലും  സാഹിത്യ സമാജങ്ങളിലും സ്പോര്‍ട്സ് ഗ്രൌണ്ടിലും  ഞാന്‍  ആ സ്കൂളിലെ മികച്ച കുട്ടികളോടൊപ്പം  എത്തി .....അച്ഛന്‍ മാഷിന്റെ മുന്നിലേക്ക് അമ്പരപ്പിക്കുന്ന പുരോഗതിയുടെ  പ്രോഗ്രെസ് റിപ്പോര്‍ട്ടുകള്‍  അഭിമാനത്തോടെ  എത്തിക്കൊണ്ടിരുന്നു ...

     എന്റെ  നോട്ടു ബുക്കുകളിലും പ്രോഗ്രസ്സ് കാര്‍ഡുകളിലും  അച്ഛന്‍  സന്തോഷത്തോടെ  ഒപ്പിട്ടു  കൊണ്ടിരുന്നപ്പോള്‍  നാരായണന്‍  മാഷ്‌  ചിരിച്ചു .    മൌനമായി ..എന്നിലേക്ക്  വാത്സല്യത്തിന്റെ . ,കരുണയുടെ  നക്ഷത്ര പ്പൂവുകള്‍  പെയ്തു കൊണ്ടേയിരുന്നു ..

    എന്റെ  ഓര്‍മ്മയില്‍    ഒരു ക്ഷേത്ര വിശുദ്ധിയോടെ ഞാന്‍  സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരു വര്ഷം  ആണ് ഇത് ..ഇതിനു മുമ്പോ പിമ്പോ അങ്ങനെയൊരു  മഹത്തരമായ  കാലം എനിക്കുണ്ടായിട്ടില്ല .

  ഒന്നാം ക്ലാസ് മുതല്‍ എന്നെ പഠിപ്പിച്ചിട്ടുള്ള   എന്റെ  അച്ഛന്‍ അടക്കമുള്ള  എല്ലാ അധ്യാപകരെയും  ഞാന്‍ ആദരവോടെ  സ്മരിക്കുന്നു ..

  എന്നാല്‍  ആലക്കാടന്‍ നാരായണന്‍  മാഷ്‌ എന്റെ ഗുരുവും  രക്ഷിതാവും  ദൈവവും ആയിരുന്നു .  ഒരു അദ്ധ്യാപിക ആയപ്പോള്‍  എന്റെ വഴികാട്ടി ആയിരുന്നു ..
എന്റെ  ക്ലാസിലെ  കുട്ടികളുടെ മുന്നില്‍  ഞാന്‍ പകുതി ടീച്ചറും  പകുതി  കുട്ടിയും ആയത്  ഈ അദ്ധ്യാപകന്‍  അന്നെനിക്ക് നല്‍കിയ  കരുണയുടെ മഹത്തായ പാഠങ്ങള്‍  കൊണ്ടാണ് ...

     ആ മഹാനായ  ഗുരുവിനു  ആദരാഞ്ജലികള്‍  അര്‍പ്പിക്കുന്നു ...ആ സ്മരണകളില്‍   സാഷ്ടാംഗം  പ്രണമിക്കുന്നു ..

                          .........................................................................................
  

പ്രണാമം

ആവില്ല മറയ്ക്കുവാന്‍ 

.........................................................


                ആവില്ല  മറയ്ക്കുവാന്‍   ആയിരം മുഖങ്ങളാല്‍ 
                ഈ സൂര്യ  തേജസ്സിനെ ......
                
               ആവില്ല  ജയിക്കുവാന്‍  ആയിരം  നാവുകളാല്‍ 
              ഈ  ശര  വചസ്സുകളെ ....

              സത്യം നിന്‍ നടനം ....അനുപമം  നിന്‍ ശൈലി ...
               അമേയം  നിന്‍ മുഖ ഗാംഭീര്യം 
               പ്രണാമം   ഈ മഹാ മേരുവിനു ....

Monday 23 September 2013

മൌന മഹാ സാഗരം ...

ധ്വനി 

............
ഒതുക്കി വെക്കപ്പെട്ട  ശബ്ദങ്ങള്‍ ആണ് 
                                                  പ്രപഞ്ചത്തിന്റെ  മഹാ മൌനങ്ങള്‍ ..

            കൂട്ടില്‍ കുറുകുന്ന  പ്രാവ് 
           ചിറകു  വിരിക്കുന്നതും 
           പറന്നടുക്കുന്നതും 
      ആകാശത്തിന്റെ  കാത്തിരിപ്പാണ് .

         സൂര്യനെ  അളക്കാന്‍ 
        ഭൂമി എപ്പൊഴും 
  അളവുപാത്രങ്ങള്‍  മാറ്റിക്കൊണ്ടേയിരിക്കുന്നു .

  ഈ ചാരു ബെഞ്ച്‌ 
ഭൂമിയുടെ മൃദു  നിശ്വാസങ്ങള്‍ 
ആകാശത്തിനു  ചൊല്ലിക്കൊടുക്കുന്നു ..
   അവിടെയാണ്  ഞാനെന്റെ കണ്ണും  കാതും  വെച്ചിരിക്കുന്നത് 
       ആ മന്ത്രം  കേള്‍ക്കാന്‍ .....ആ കാഴ്ചകള്‍  കാണാന്‍ .
................................................................................

Monday 2 September 2013

സാന്ത്വനം ..

       ആകാശ മാവാം
     ആകാശമാവാം  നിനക്ക്  ഞാന്‍  പ്രാവേ ..
    പറക്കാം  നിനക്കെന്റെ  മാനസ  ദൂരങ്ങളില്‍ ....
    ഉറങ്ങാം ഉണരാം ഈ നക്ഷത്ര രാവുകളില്‍ ...
          കുറുകാമെന്‍   നെഞ്ചിലെ  നിലാ ശാഖികളില്‍ ....
          ഉള്ളിലെ   ഉണങ്ങാത്ത  നോവുകള്‍  ഞാനെന്റെ 
              നൊമ്പരപ്പാട്ടിന്റെ    താള മാക്കാം..

                     ............................................................

Monday 26 August 2013

ചിതറിപ്പോവുന്ന നഷ്ട്ടങ്ങള്‍

        വെള്ളക്കുപ്പായമിട്ടു   അച്ഛന്‍ നടന്നു പോയ്‌ ..
       അമ്മ ..അപ്പുറത്തെ  വീട്ടിലെ  കട്ടിലില്‍   ,   നോവുകളെ 
       ജനല്‍പ്പടിയില്‍ വെച്ച് 
       അറ്റമില്ലാത്ത   കാലത്തെയും  നോക്കി ..
       ഒരു വെറും  ചിരികൊണ്ട് 
      നൊമ്പരങ്ങളെ  ഉടുപ്പിച്ചു കൊണ്ടേ യിരിക്കുന്നു 
          എനിക്ക്   അക്ഷരങ്ങള്‍  മതിയാവുന്നില്ല   ..
     ഇവിടെ  എവിടെയാണ്  എന്റെ  നഷ്ട്ടങ്ങള്‍  ചിതറിപ്പോയതെന്നു 
                       ....വെറുതെ  കുറിച്ചിടാന്‍ ...





..............

Tuesday 20 August 2013

ദൂരെ ദൂരെ ഒരു യാത്ര .

ആചിക്കുട്ടിയോടു  പറഞ്ഞ കഥ 

...................................................................................
....മൂടല്‍ മഞ്ഞും  കുളിരും ഒറ്റക്കുതിര  വലിക്കുന്ന  വണ്ടിയില്‍  ചുരമിറങ്ങി താഴ്വാരത്തില്‍  ചന്ദനം പൂക്കുന്ന  കാട്ടിലേക്ക്  വന ദേവതകളെ  കാണാന്‍ പോയ  കഥ .......
                   ..............................................................................


         തനിക്കു  മുകളില്‍  ആകാശം  അനന്തമായി  പിറന്നു കൊണ്ടിരിക്കുന്നു എന്ന് മൂടല്‍ മഞ്ഞിന് തോന്നി ...മലമുകളിലെ  തടാകക്കരയില്‍  മലര്‍ന്നു  കിടന്ന മൂടല്‍ മഞ്ഞിന്റെ  കണ്ണുകളിലേക്ക്  കണ്ണുകള്‍ ചിമ്മി  നക്ഷത്രങ്ങള്‍  ഓരോന്നായി  മറഞ്ഞു  പൊയ്ക്കൊണ്ടിരുന്നു .
.
ബ്രാഹ്മ  മുഹൂര്‍ത്തത്തില്‍  ഉണര്‍ന്നു  കിടന്നു  ആകാശത്തിലെ  നക്ഷത്ര  യാത്രകള്‍   ഇതിനു മുമ്പും  അവന്‍ കണ്ടിട്ടുണ്ട് ...പക്ഷെ  ഇന്നത്തേത്  ഈ മല മുകളിലെ  അവസാനത്തെ  കാഴ്ചയാണല്ലോ എന്നോര്‍ത്ത്  നേരിയ  ഒരു വിങ്ങല്‍  അവന്റെ ഉള്ളില്‍  ഉറഞ്ഞു കൂടി ....താനിവിടം വിട്ടു പോകയാണ് ....ദൂരെ ..ദൂരെ ...

എന്താണ് ഒരു നക്ഷത്രം  മാത്രം  തന്നെത്തന്നെ ഇങ്ങനെ നോക്കുന്നത് .....എന്താണത്  പറയാന്‍ ശ്രമിക്കുന്നത് ...മഞ്ഞു  മനസ്സ് കൂര്‍പ്പിച്ചു ...

''ഞാന്‍ പ്രപഞ്ചമാണ്‌ ...നീയും ''.പ്രകാശ  ദൂരങ്ങളില്‍  നിന്ന്  അശരീരി  പോലെ  ആ ശബ്ദം അവനിലേക്ക്  കൈകള്‍ നീട്ടി .    അവന്‍ വീണ്ടും ആ നക്ഷത്രത്തെ  നോക്കി ...പക്ഷെ അത് മറഞ്ഞിരുന്നു ...

    അനന്തമായ  ആകാശത്തില്‍ നിന്ന് കണ്ണുകള്‍ പറിച്ചെടുത്ത്  അവന്‍ എഴുനേറ്റു ....മലനിരപ്പിനു  ചുറ്റും  നാഴികകള്‍ ദൂരേക്ക് വ്യാപിച്ച് ,തണുപ്പില്‍  പുതഞ്ഞു കിടക്കുന്ന  ഉള്‍നാടുകളെ  നോക്കി..     .ഭൂമിയുടെ  പ്രതലങ്ങളില്‍  തന്റെ  ദൌത്യം  അവസാനിപ്പിച്ച് രാത്രി  തിരിച്ചു പോകാന്‍  ഒരുങ്ങുന്നു ..കിഴക്ക് നേര്‍ത്ത വെളിച്ചം  രാത്രിക്കും പകലിനും ഇടയില്‍  ആദ്യത്തെ  ദീപം പോലെ ....പുല്‍ക്കൊടികളിലും പൂക്കളിലും  മഞ്ഞിന്‍ കുഞ്ഞുങ്ങള്‍  ഇളം കാറ്റിനോടൊപ്പം  കളി തുടങ്ങി ..ചീവീടുകള്‍  രാത്രിയിലെ കൂട്ടപ്പാട്ട്  അവസാനിപ്പിച്ച്  മാളങ്ങളിലേക്ക് പതുക്കെ നീങ്ങുന്നത്  മഞ്ഞു  ശ്രദ്ധിച്ചു .....

     യാത്രയ്ക്ക് മുമ്പൊന്നു കുളിക്കണം ...അവന്‍ തടാകത്തിലേക്ക് നോക്കി . നിലാവിനെ  യാത്രയാക്കി  പുലരിയെ കാത്തു  ആഴം പൂണ്ടു  കിടക്കുന്ന 
  നീല ത്തടാകത്തിലേക്ക്  മുങ്ങാംകുഴിയിട്ടു ...ആഴങ്ങളിലെ  പരിശുദ്ധിയില്‍  അവന്‍ നീന്തി ത്തുടിച്ചു ...നിവര്‍ന്നു വന്ന മഞ്ഞിനെ  കാറ്റ് പൊതിഞ്ഞു ..അവന്റെ  നേര്‍ത്ത വസ്ത്രങ്ങളിലെ  നനവിനെ  തുടച്ചു ...
''  എന്താ  കാലത്തെ ഒരു കുളി ?''

ആരുടെ ശബ്ദമാണെന്ന് അവന്‍ അമ്പരന്നില്ല ....അത് കുളിരായിരിക്കും എന്ന് മഞ്ഞിന് ഉറപ്പുണ്ടായിരുന്നു ..ഈ നീലത്തടാകത്തില്‍ എന്നും മുങ്ങിക്കുളിച്ച്   തടാകത്തിനെ വലം വെക്കുന്നത്  അവളുടെ പതിവാണ് .....

''ദൂരെ ഒരു യാത്രയുണ്ട് ...ചുരമിറങ്ങി    അങ്ങ് കിഴക്ക് ദിക്കിലേക്ക് ''

''അവിടെ  എന്താ ?''

''അവിടെ കാടുണ്ട് ..സൂര്യന്‍ ഇറങ്ങാത്ത  കാട് ...മലമ്പാമ്പുകളെ  പോലെ  വേരുകള്‍  സഞ്ചാരം  നടത്തും അവിടെ ...ഹൃദയ ധമനികളെ പ്പോലെ ശാഖാ വേരുകള്‍  മണ്ണില്‍  പടര്‍ന്നിറങ്ങും ....വള്ളിപ്പടര്‍പ്പുകളില്‍  സ്വപ്നക്കുഞ്ഞുങ്ങള്‍ ഊഞ്ഞാലാടും ....പക്ഷികള്‍ ശാഖികളില്‍ ഇരുന്നു  സപ്ത സ്വരങ്ങളുടെ  സ്വപ്ന  വേദിയില്‍  സംഗീത വിരുന്നു നടത്തും ....

''എന്നിട്ട്  ?''  കുളിരിന്റെ ഉള്ളില്‍  ആകാംക്ഷ  കൂട് കൂട്ടുന്നത്  മഞ്ഞിന് മനസ്സിലായി ....

''പൂത്തുലഞ്ഞ  ചന്ദന മരങ്ങള്‍ സുഗന്ധം  നിറയ്ക്കുന്ന  കാടിന് മലദൈവങ്ങള്‍  കാവല്‍ നില്‍ക്കും ...മുളം കാടുകള്‍  കാറ്റിന്റെ കാതില്‍  പ്രണയ സന്ദേശങ്ങള്‍
 പകര്‍ന്നു കൊടുക്കും ..

''അവിടെ ആരാ ഉള്ളത് ?''

''അവിടെ  എന്റെ മുത്തശ്ശിയുണ്ട് ..കാരണവന്മാര്  ഉണ്ട് ....
നിറയെ  കാവുകള്‍  ഉണ്ട് ...കാവുകള്‍ക്ക് നടുവില്‍  വനദേവത യുടെ  കുടിയിരിപ്പുണ്ട് ...അവര്‍ നമുക്ക് സ്വപ്‌നങ്ങള്‍ തരും ...

    നീലത്തടാകം  പോലെ  വികസിച്ച  കുളിരിന്റെ കണ്ണുകളില്‍  വിസ്മയത്തിന്റെ  കാടുകള്‍  വളര്‍ന്നു ...കാട്ടുചോലകളും  പൂക്കളും  പക്ഷികളും  അവളുടെ  കാഴ്ചകളില്‍  മോഹങ്ങളെ  ഉണര്‍ത്തി .ദൂരെയെങ്ങോ  മനസ്സിനെ  അലയാന്‍  വിട്ട പോലെ  മഞ്ഞിന്റെ  വര്‍ണനകളില്‍  മുഴുകി  കുളിര് നിന്നൂ .

''പോരുന്നോ..എന്റെ  കൂടെ   അങ്ങ് ദൂരെ  ദൂരെ .?''

അവള്‍  ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ തോന്നി .

''കാണണം  എനിക്ക് ആ വനഭംഗികള്‍ അത്രയും ...എങ്ങിനെയ  യാത്ര ?''

'' ഒറ്റക്കുതിര വലിക്കുന്ന  വണ്ടിയില്‍ ....കുറെ ദൂരം  അതിലിരുന്നു ചുരം ഇറങ്ങുമ്പോള്‍  ആകാശത്തുമ്പത്ത്  ഊഞ്ഞാല്  കെട്ടി  അതില്‍ ഇരുന്നു  ആടുന്ന പോലെ  തോന്നും ....

നേര്‍ത്ത്  കാറ്റില്‍  ഉലയുന്ന തന്റെ  ഉടയാടകള്‍ ഒതുക്കി  അവള്‍ മഞ്ഞിനോടൊപ്പം യാത്രയ്ക്കൊരുങ്ങി ...ഇരുട്ടും വെളിച്ചവും  കൂടിക്കലര്‍ന്ന  പുലരി  അവര്‍ക്ക്
അനുഗ്രഹങ്ങള്‍  ചൊരിഞ്ഞു  . അജ്ഞാതമായ  ഏതോ  കോണില്‍ നിന്ന് ചകോരപ്പക്ഷികള്‍  കൂട്ടത്തോടെ യാത്രാ മംഗളം പാടി .

മലമ്പാത  തുടങ്ങുന്നിടത്ത്  കുതിര അക്ഷമനായി  മുന്‍കാലുകള്‍  എടുത്തെറിഞ്ഞുകൊണ്ടിരുന്നു ....ദൂരെ  മൂടല്‍മഞ്ഞും  കുളിരും  കൈകള്‍ കോര്‍ത്ത് നടന്നു വരുന്നത് അവന്‍ കണ്ടു എന്ന് തോന്നുന്നു ....പ്രതാപത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന  അവന്റെ ശിരസ്സ് ഒന്നിളകി ...കഴുത്തിലെ മണികള്‍  ആഹ്ലാദത്തിന്റെ  കൂട്ട മണി  മുഴക്കി ...

കുളിരിനൊപ്പം  വണ്ടിയിലേക്ക് കയറിയിരുന്ന  മൂടല്‍മഞ്ഞു  കടിഞ്ഞാന്‍ മെല്ലെ ഇളക്കി ...തൂവല്‍ പോലെ നേര്‍ത്ത  തന്റെ കൈകള്‍ നീട്ടി  കുതിരയെ തലോടി ..'

''പോകാം ''
മഞ്ഞിനേയും കുളിരിനെയും  വഹിച്ചു കൊണ്ട്  കാട്ടുപാതയിലൂടെ  കുതിര വേഗത്തില്‍  നടത്തം തുടങ്ങി ...ചക്രങ്ങള്‍  മൃദു താളത്തോടെ  മുന്നോട്ട്  കുതിച്ചു ....പാറക്കൂട്ടങ്ങള്‍ക്കിടയിലും  കുറ്റിക്കാടുകളിലും  തങ്ങി നിന്ന  മഞ്ഞിന്‍ കൂട്ടങ്ങള്‍ ഓരോന്നോരോന്നായി പിറകിലേക്ക് മറയുന്നത് തന്റെ  ഉള്ളില്‍ ഒരു കുഞ്ഞു  പോറല്‍  വീഴ്ത്തുന്നത്  അവനെ തെല്ലൊന്നു  അസ്വസ്ഥനാക്കി .  

മലമുകളിലെ നീലത്തടാകം  തന്നില്‍ നിന്ന് മറയുന്നത്  കുളിരും ശ്രദ്ധിച്ചു

...തടാകക്കരയിലെ  കാവുകള്‍ക്കുള്ളില്‍  മുത്തശ്ശിയോടും  കൂട്ടുകാരികളോടും ഒപ്പം   കലപില കൂട്ടിയ നാളുകള്‍ ..തടാകക്കരയില്‍  മുത്തശ്ശിയുടെ മടിയില്‍ കിടന്നു  ആകാശം കണ്ടത് ...അങ്ങുയരെ  വൈരക്കല്ലുകള്‍  കുറെയുണ്ടല്ലോ  എന്ന് പറഞ്ഞപ്പോള്‍ ..''അത്  ആകാശം പ്രസവിച്ച  നക്ഷത്രക്കുഞ്ഞുങ്ങള്‍  ആണെന്ന് ''മുത്തശ്ശി പറഞ്ഞത് ...കൂട്ടം തെറ്റിയ ഒരു  നക്ഷത്രം  നട്ടുച്ചയ്ക്ക് തടാകത്തില്‍  കുളിക്കാനിറങ്ങും എന്ന് പറഞ്ഞത് ....

തടാകത്തോടൊപ്പം  ആ കാലവും തന്നില്‍ നിന്ന് മറയുന്നത്  അവള്‍ അറിഞ്ഞു ....

ചുരുണ്ട് കൂടി ഉറങ്ങിയിരുന്ന  ചുരത്തിന്റെ  വളവുകള്‍ ഓരോന്നും അവരുടെ കാഴ്ചകളില്‍  നിവര്ന്ന്‍ തെളിഞ്ഞു വന്നു ..മുന്നോട്ട് പോകുന്തോറും  ചുരം പിന്നെയും പിന്നെയും സ്വയം ചുരുളുകള്‍ നിവര്‍ത്തി വഴി കാട്ടിക്കൊണ്ടിരുന്നു
...എങ്ങോട്ട് നോക്കിയാലും  ആഴം മാത്രം ..
വലിയ മേഘ പാളികള്‍ മൂടിയ  മലഞ്ചരിവുകള്‍ ...ചോലവനങ്ങള്‍ ..ഒന്നും വ്യക്തമാവുന്നില്ല ....ഭയപ്പെടുത്തുന്ന  ആഴം ...ശക്തിയോടെ പതിക്കുന്ന  വെള്ളച്ചാട്ടങ്ങളുടെ  ഇരമ്പുന്ന ശബ്ദം ......
''പേടിയുണ്ടോ ..?''
''ആദ്യമായിട്ടാ ഇങ്ങനെ ഒരു യാത്ര ...പേടിയൊന്നുമില്ല .''

''നോക്കിക്കൊള്ളു  പുറത്തേക്ക് ''

മൂടല്‍മഞ്ഞു  കുളിരിനെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു ..ദൂരേക്ക് കൈ ചൂണ്ടി ...സൂര്യന്റെ ഒരു നേര്‍ത്ത  ചുവപ്പ് കിഴക്ക്  ചായം പൂശാന്‍ തുടങ്ങിയത്  അവള്‍ കണ്ടു ...പെട്ടെന്ന് കാറ്റിനു ശക്തി കൂടി ..കുളിരിന്റെ  മുടിയിഴകള്‍  താളത്തില്‍ ഇളകി ....

       കാറ്റില്‍  ഇളകുന്ന  കുളിരിന്റെ  മുടിയിഴകളില്‍  മഞ്ഞിന്റെ  തൂവല്‍ സ്പര്‍ശം .
കുളിര്  അവന്റെ കണ്ണുകളിലേക്ക് നോക്കി .
  ''എന്താ  എന്റെ  കണ്ണില്‍ ...?''മഞ്ഞു ഗൌരവം  വിടാതെ  ചോദിച്ചു .

''ഞാന്‍ ''
''..അത് ഞാനല്ലേ ..?''      മഞ്ഞിന്റെ   ആഴമേറിയ കണ്ണുകളില്‍  തന്റെ ഒഴുകി ഉലയുന്ന  ഉടയാടയും  കാറ്റില്‍  ഇളകുന്ന  മുടിയിഴകളും  അവള്‍ കണ്ടു .

മഞ്ഞിന്റെ  ചുണ്ടില്‍ നേര്‍ത്ത  ഒരു ചിരി പടര്‍ന്നു ...തന്റെ  കൈകളില്‍ വിശ്രമിച്ചിരുന്ന  കുളിരിന്റെ കൈകളില്‍  അവന്റെ   വിരലുകള്‍ മുറുകി ...

   ചുരങ്ങളുടെ  വളവുകള്‍  കൂടി വന്നു ...രണ്ടു പേരും  പുറം കാഴ്ചകളില്‍ കണ്ണുകള്‍  ഉടക്കി ....

ചുറ്റുമുള്ള  മഹാ പ്രപഞ്ചത്തിന്റെ  അനന്തതയിലേക്ക്  ഒരു കണമായി  തങ്ങള്‍   ലയിക്കുകയാണ്  എന്ന് അവര്‍ക്ക് തോന്നി ....
 പുറം ലോകം വിട്ടപ്പോള്‍  മഹാ പര്‍വതങ്ങളുടെ   ചരിവുകളില്‍ ..ആരണ്യങ്ങളില്‍ ..ഇരുണ്ട  നിഗൂഡതകളില്‍  ..തങ്ങളുടെ  ആത്മാവിന്റെ  അംശം പകുത്തു  കൊടുക്കും പോലെ  ...

തങ്ങളിലേക്ക് മഹാ മേരുക്കളും  കന്യാവനങ്ങളും   കാട്ടുചോലകളും    ഊര്‍ജ്ജ  വാഹിനികള്‍  ആയി  വന്നു ചേരുന്നത് പോലെ  ...

കാടിന്റെ  തണുപ്പില്‍ ..നൈതികതയില്‍ ...യുഗങ്ങളിലൂടെ  പകര്‍ന്നു കിട്ടിയ
ഭൌതിക തപസ്യകളുടെ ഊഷ്മളതയില്‍  പുതഞ്ഞു  അവര്‍   മുന്നോട്ട് പോയ്ക്കൊണ്ടേയിരുന്നു.

  വിജനമായ  മലമ്പാതയില്‍    കുതിരയുടെ കുളമ്പടി  ശബ്ദവും  ചക്രങ്ങളുടെ ചലനവും  വന്യ രാഗങ്ങള്‍ക്ക്  താളം  പിടിച്ചു ...


..സൂര്യന്‍  കുറെ കൂടി  മുകളില്‍  ഉയര്‍ന്നു ..കാഴ്ചകള്‍ക്ക്  വ്യക്തത  കൂടി .
തന്നിലേക്ക്  ചാരിയിരുന്നു   കാഴ്ചകളുടെ  മഹാ പ്രവാഹത്തില്‍   ലയിച്ചിരുന്ന  കുളിരിന്റെ  കണ്ണുകള്‍  മെല്ലെ  കൂമ്പി ..അവള്‍ ഒരു മയക്കത്തിലേക്ക് വഴുതിയ പോലെ ...മഞ്ഞിന്റെ ചുമലില്‍ ഒരു  പതുപതുത്ത  വസ്ത്രം പോലെ തല ചായ്ച്ച് കുളിര്  ഉറങ്ങാന്‍  തുടങ്ങി .

ഈ യാത്രയില്‍  കുളിരും  തന്നോടൊപ്പം  ചേര്‍ന്നത്  മഞ്ഞിനെ  വല്ലാതെ  ആഹ്ലാദിപ്പിച്ചു .....ഇതിനു മുമ്പ്  യാത്രകളെല്ലാം തനിച്ചായിരുന്നു ..
പിറകിലേക്ക് ചാരിക്കിടന്നു  കണ്ണുകള്‍ അടച്ചു മഞ്ഞു   ആലോചിക്കാന്‍ തുടങ്ങി ..

കുളിരിനെയും കൊണ്ട് ഉള്‍ക്കാടുകള്‍  മുഴുവന്‍  ചുറ്റിക്കറങ്ങണം
   മഴയില്‍ കുതിര്‍ന്ന  കാട്ടിലെ    കരിയിലകള്‍  അലിഞ്ഞു ചേര്‍ന്ന  മണ്ണില്‍  പുത് നാമ്പുകള്‍  മുള പൊട്ടുന്നത് .....കൂടുകളില്‍  പ്രാവുകള്‍ കുറുകുന്നത് ....

പെട്ടെന്ന്‍  എന്തോ  പേടി സ്വപ്നം കണ്ട പോലെ അവള്‍  അസ്വസ്ഥയായി ..കൂമ്പിയ മിഴികളില്‍ നനവ്‌ പടരുന്നതു മഞ്ഞു ശ്രദ്ധിച്ചു ..

മഞ്ഞിന്റെ തൂവല്‍ സ്പര്‍ശത്തില്‍  ഉണര്‍വിലേക്ക്  തെന്നി വന്ന കുളിര്  മിഴികള്‍ തുറന്നു

''എന്തെ   ...? എന്തെങ്കിലും സ്വപ്നം കണ്ടുവോ ?''

''കണ്ടു ..ഒന്നും മനസ്സിലായില്ല ....കുത്തി ഒഴുകുന്ന പുഴ ...കോരിച്ചൊരിയുന്ന മഴ ...കാറ്റ് ..ഒരമ്മയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ഒഴുക്കില്‍ ..രക്ഷിക്കാന്‍ കഴിയുമായിരുന്നിട്ടും ഒരാള്‍  അത് ചെയ്യാതെ ...ഇരുണ്ട നീല വെളിച്ചത്തില്‍ ഞാന്‍ അയാളെ നോക്കി ..അപ്പോള്‍  അയാള്‍ക്ക്‌ പിന്നില്‍ അയാളുടെ  പെരുകുന്ന  നിഴലുകള്‍ ...കുറെ പേടിപ്പെടുത്തുന്ന  നിഴല്‍ രൂപങ്ങള്‍ ...

''പേടിച്ചോ ?..''

''പേടിയല്ല ...വല്ലാത്ത അസ്വസ്ഥത ..''

''സാരമില്ല ..സ്വപ്നമല്ലേ.. കാലത്തിന്റെ  ചിറകടികളില്‍ മായാതെ കിടക്കുന്ന ഏതെങ്കിലും  സംഭവം ആവാം ..''

മഞ്ഞിന്റെ  മറുപടി കേട്ട് കുളിര്  അവന്റെ   കണ്ണുകളിലേക്ക് നോക്കി ..കനിവിന്റെ ഒരു  ഉറവ    നിലാവിന്റെ ആര്‍ദ്രതയും  അലിയിച്ചെടുത്ത് തന്നിലേക്ക് ഒഴുകിയിറങ്ങുന്നത്  അവള്‍ അറിഞ്ഞു . ...

കുളിര്  തന്റെ മിഴിയിണകള്‍  ഒന്നടച്ചു ..പിന്നെ തുറന്നു  മഞ്ഞിനെ വീണ്ടും  നോക്കി ..

''നമുക്ക് വേഗം  പോകാം ...എനിക്ക് വേഗം താഴ്വരയില്‍ എത്തിയാല്‍ മതി ''

''പോകാം '' മഞ്ഞു  തന്റെ കയ്യിലെ  കടിഞ്ഞാണിന്റെ  മുറുക്കം കൂട്ടി ..കുതിര  വേഗത്തില്‍ മുന്നോട്ടു  ചലിച്ചു

താഴ്വരയിലെ  തണുപ്പിലേക്ക് മെല്ലെ ഒറ്റക്കുതിര  വലിക്കുന്ന  വണ്ടി താളത്തില്‍ വന്നു നിന്നു ....ഒരു പൂവ് താഴോട്ട് പതിക്കുന്ന പോലെ  സ്വസ്ഥമായി ..മന്ദം  മന്ദം ....
               മഞ്ഞു താഴെയിറങ്ങി ...കുളിരിനു കൈകള്‍ നീട്ടി ...മഞ്ഞിന്റെ  കയ്യില്‍ പിടിച്ച്  ഒഴുകിയിറങ്ങുന്ന  നേര്‍ത്ത ഉടയാട  ഒതുക്കി അവള്‍ ഇറങ്ങി ...വെളുത്ത്  നേര്‍ത്ത്‌ കാറ്റില്‍  ഉലയുന്ന  വസ്ത്രത്തില്‍  ഒരു മാലാഖയെ പോലെ  കുളിര് ...

ഇരുണ്ട വനം ...സൂര്യപ്രകാശം  വിദൂരതയില്‍ മാത്രം ...കാട്ടുചോല ..വലിയ തടാകം  ഇരുളിനെ വിഴുങ്ങിയ പോലെ ..ചുറ്റും കട്ടപിടിച്ച  കാട് ...മൃഗങ്ങളുടെയും പക്ഷികളുടെയും പലതരം ശബ്ദങ്ങള്‍ ....മുകളില്‍ കണ്ണെത്താ ദൂരത്തേക്ക്  വളര്‍ന്ന മരങ്ങള്‍ ...വേരുകളെ വീട്ടു കാവലിനു നിര്‍ത്തി  ദൂര യാത്രക്ക് പോയ പോലെ ...വേര്‍പിരിയാന്‍ ഇഷ്ടമില്ലാതെ  വള്ളിപ്പടര്‍പ്പുകള്‍ ..

കുളിരിന്റെ  കണ്ണുകള്‍  അസാധാരണമാം  വിധം  വിടര്‍ന്നു വികസിക്കുന്നത്  മഞ്ഞു കണ്ടു ...കൌതുകത്തോടെ  ആ കണ്ണുകളിലേക്ക്  അവന്‍ നോക്കി ...അമ്പരന്നു പോയി ...ആ  കാനനക്കാഴ്ചകള്‍  ഓരോന്നും  അവളുടെ കണ്ണുകളിലേക്ക്  ഒഴുകിയടുക്കും  പോലെ .....

വനത്തിനുള്ളില്‍  തടാകക്കരയില്‍ ഒരിടത്ത്  വനദേവതയുടെ  ഇരിപ്പിടം ..

മൂടല്‍മഞ്ഞു  കുളിരിനെയും കൂട്ടി ആ   ഗോത്രക്കല്ലിനു വലം വെച്ചു ..കണ്ണുകള്‍ അടച്ചു നിന്ന കുളിരിന്റെ നെറ്റിയില്‍  ഇലച്ചാര്‍ത്തിലെ  മഞ്ഞള്‍ കുറി അണിയിച്ചു ...
ഒരു കുളിര്‍ കാറ്റ്  അവരെ ഉഴിഞ്ഞു കടന്നു പോയി .
ഒഴുകിപ്പോയ കാറ്റ്  അവരുടെ കാതില്‍ പറഞ്ഞു ...

''സൂര്യന്‍ ചൂടും പിടിക്കും വരെ ഇവിടെ  താമസിക്കുക ...''

''നമ്മള്‍ ഇവിടെയാണോ  താമസിക്കുക ?''  വനത്തിന്റെ  സുഗന്ധം തന്നിലേക്ക് ആവാഹിച്ച്  കുളിര് ചോദിച്ചു ..കണ്ണിലെ നീലത്തടാകത്തില്‍  ഒരു വന്യതയെ മുഴുവന്‍  ചേര്‍ത്ത് വെച്ചു അവള്‍ ..

''അതെ ..ഇഷ്ടായോ  നിനക്ക് ?''

ഒരു പാടിഷ്ട്ടായി ..പക്ഷെ  എത്ര കാലം ..?''

''കുറേക്കാലം ..സൂര്യന്‍  വല്ലാതെ ചുട്ടു പൊള്ളിയാല്‍  നമ്മള്‍ പിരിയേണ്ടി വരും ''.
''എന്തേ ?''
''അതങ്ങിനെയാ ...സൂര്യകോപം  എന്നെ അരൂപിയാക്കും ..ഞാന്‍ നിന്നെ വിട്ടു ദൂരേക്ക്‌ പോകേണ്ടി വരും ..''പിന്നെ  എവിടെയെങ്കിലും ഇത് പോലെ വീണ്ടും  ജനിക്കും ...''

കുളിരിന്റെ കണ്ണുകളില്‍  നീലത്തടാകം കര കവിയുന്നത് മഞ്ഞു കണ്ടു ..അവന്‍ അവളെ  അരികിലേക്ക് ചേര്‍ത്തു പിടിച്ചു ..പൂവിതള്‍ പോലെ നനുത്ത  നെറ്റിയില്‍  തൂവല്‍ സ്പര്‍ശം പോലെ  അവന്‍ ചുണ്ടുകള്‍ അമര്‍ത്തി ..അവള്‍ വിതുമ്പിയോ ...

''ഏയ്‌ ..''മഞ്ഞു ആ മുഖം കൈകളില്‍ എടുത്തു ..

''വിഷമിക്കേണ്ട ..ഏതോ ഒരു മഹാന്‍ പറഞ്ഞത്  ഓര്‍മയില്ലേ ?..

നമ്മള്‍ ജനിക്കുന്നുമില്ല  മരിക്കുന്നുമില്ല ..ചില കാലങ്ങളില്‍  ഈ ഭൂമിയിലെ
ചില ഇടങ്ങളിലെ  സന്ദര്‍ശകര്‍ മാത്രം ..''
                                         .......................................
                                       ........................................................





 




Thursday 8 August 2013

ഫ്ലാഷ് ന്യൂസ്‌ ആത്മഹത്യക്ക് .....


           തെഹല്‍ക്ക  ഹൈപ്  ഫ്ലാറ്റിലെ  പത്താം നമ്പര്‍  വീട്ടിലെ  ക്ലോക്ക്  ആറുതവണ  അടിച്ചു .  വെളുപ്പാന്‍ കാലത്ത്  കണ്ട സ്വപ്നത്തെ  ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ട്  ഉണര്‍ന്നു  കിടന്ന  breaking news  ചാടി എഴുനേറ്റു .    മോര്‍ണിംഗ് പരിപാടിയൊക്കെ  കഴിഞ്ഞു ,  ആവി പറക്കുന്ന  ഒരു കപ്പു  കാപ്പിയുമായി  ബാല്‍കണിയില്‍  വന്നു  നിന്നു .

  താഴെ  കുറച്ചകലെ  റെയില്‍വേ  സ്റ്റേഷന്‍ ..ചേര്‍ന്നും  പിരിഞ്ഞും  ദൂരേക്ക് പായുന്ന  ട്രാക്കുകള്‍ ...ചൂളം വിളിച്ച്  മെല്ലെ  കിതച്ച് വന്നു നില്‍ക്കുന്ന ട്രെയിനുകള്‍ ....

  എല്ലാ ദിവസവും  കാണുന്ന കാഴ്ചകള്‍ ...എന്നാല്‍ ഒരിക്കല്‍  പോലും  വിരസത  തോന്നിയിട്ടില്ല ...
അപ്പോഴാണ്‌  അഞ്ചാം  ട്രാക്കിലൂടെ  ഒരാള്‍  വളരെ  സാവകാശം  നടക്കുന്നത്  ബ്രെയിക്കിംഗ്  ന്യൂസ്‌ ന്റെ  കണ്ണില്‍ പെട്ടത് ....പരിചയമുള്ള  രൂപം ...ഒന്ന് കൂടി  സൂക്ഷിച്ചു നോക്കി ....
അയ്യോ ..!  അത്  flash news അല്ലെ ....ഇവനെന്തിനാ  രാവിലെ  ട്രാക്കില്‍  കൂടെ നടക്കുന്നത് ....

ബ്രെയ്ക്കിംഗ്  ന്യൂസ്‌ ന്റെ  മനസ്സില്‍  പരിഭ്രമം  കുന്നു കൂടി ... അവന്‍  റൂമിലേക്ക് ഓടി   സെല്‍ ഫോണ്‍  എടുത്ത്  നമ്പര്‍ ഡയല്‍ ചെയ്തു ...ഭാഗ്യം അവന്റെ കയ്യില്‍ ഫോണ്  ഉണ്ട് ...

''ഹലോ ...എടാ നീയെന്താ ഈ കാണിക്കുന്നേ ?''

''എന്ത് കാണിക്കുന്നു ..ഞാന്‍ ട്രാക്കിലൂടെ  നടക്കുന്നു ..നിനക്ക്  കാണാന്‍ പാടില്ലേ .?''
ഇവനെന്താ  ഇങ്ങനെ ...വല്ലാത്ത ഗൌരവം  ശബ്ദത്തില്‍ ..

''എടാ പൊട്ടാ  ട്രെയിന്‍ വരും ഇപ്പൊ ''

''വരട്ടെ ..അതിനു തന്നെയാ  ഞാന്‍  നടക്കുന്നെ ...മരിക്കണം ..എനിക്ക് മതിയായി ..''
''മരിക്കാനോ ..എന്തൊക്കെയാ  നീ ഇപ്പറയുന്നെ ..വട്ടായോ നിനക്ക് ?''

''വട്ടാവും  മുമ്പേ  മരിക്കണം ..നീ നിന്റെ പണി നോക്കി പോ .....''

breaking newsനു  ശരീരം അടിമുടി വിറച്ചു .പിന്നെ ഒന്നും ആലോചിച്ചില്ല ..കോണിപ്പടികള്‍  ചാടിയിറങ്ങി ..ഓടി ...ഒരു വിധത്തില്‍ അവന്‍ താഴെ ട്രാക്കിലെത്തി ...flash news നെ ഒറ്റ തള്ളിനു  ട്രാക്കിന് പുറത്തിട്ടു ....ആഞ്ഞു വീശി ചെകിടത്ത് ഒന്ന് കൊടുക്കാനാ തോന്നിയത് ..പക്ഷെ  ചെയ്തില്ല ..

അവനെ  മാറ്റി നിര്‍ത്തി ..ശ്വാസം വീണ്ടെടുത്ത്  ചോദിച്ചു ..
''
''പറ ...എന്താ  നിന്റെ പ്രശ്നം ..?''

ഞാനവന്റെ  മുഖത്തേക്ക് നോക്കി ...കണ്ണുകള്‍ ചുവന്നിരിക്കുന്നു ...ദേഷ്യമാണോ  സങ്കടമാണോ  അവന്റെ  ഉള്ളില്‍  എന്നൊന്നും പിടികിട്ടിയില്ല .....നോട്ടത്തില്‍ ഒരു തരം  പക ..

''മതിയായെടാ ...എനിക്കീ  പണി  മടുത്തു ...എന്തൊക്കെയാ  ഈ ചാനലുകാര്‍ എന്റെയും  നിന്റെയും  പേരില്‍  ഓരോ ദിവസവും   കാണിക്കുന്നത് ?..
പണ്ടൊക്കെ  വല്ല യുദ്ധമോ  ഭൂകമ്പമോ ..ഏതെങ്കിലും മഹാന്മാരുടെ  മരണമോ ഒക്കെ അല്ലെ  നമ്മുടെ പേരില്‍ കാണിച്ചിരുന്നത് ....

ഇന്നോ ...നാട്ടിലെ  സകല തെണ്ടിത്തരങ്ങളും  ഫ്ലാഷ് ന്യൂസും  ബ്രെയിക്കിംഗ് ന്യൂസും ആയി വരികയല്ലേ ..? കണ്ടവന്റെ വെട്ടിപ്പും  പറ്റിപ്പും  പാരവെപ്പും ..
എടാ..ഏതെങ്കിലും ഒരു നേതാവ് കക്കൂസില്‍ പോയി  വരാന്‍ അല്പം വൈകിയാല്‍  അതും ഇവന്മാര്‍  ഫ്ലാഷ് ന്യൂസ്‌ ആയി കൊടുക്കും ...ഇതെന്താടാ ..വെള്ളരിക്കാ പട്ടണമോ ?''
എല്ലാം സഹിക്കാം ..ഇപ്പോഴത്തെ  പീഡന കഥകളും  ചില അച്ഛന്മാരുടെ  പറയാന്‍ പോലും കൊള്ളാത്ത  കഥകളും നമ്മുടെ പേരിലല്ലേടാ വരുന്നത് ..
...
നിനക്കറിയോ  ദിവസവും  എന്റെ കൂടെ ഉറങ്ങുന്ന എന്റെ കുഞ്ഞു മോള്‍  എന്നെ കാണുമ്പോ പേടിച്ചോടുന്നെടാ ...കഴിഞ്ഞ  ദിവസം ഓഫീസില്‍ പോകാന്‍ നേരത്ത്  ഒരുമ്മ  ചോദിച്ചിട്ട് എന്റെ കുഞ്ഞു തന്നില്ലെടാ ...എനിക്കിനി ജീവിക്കണ്ട ...

''പോട്ടെടാ ..നീ ഇങ്ങനെ  ചാടിച്ചത്താല്‍  ഈ പ്രശ്നങ്ങള്‍ ഒക്കെ തീരുമോ ? നിനക്ക് പകരം  മറ്റൊരാള്‍  ആ ജോലി  ഏറ്റെടുക്കും ...നിന്റെ  ആത്മഹത്യാ വാര്‍ത്ത ഫ്ലാഷ് ന്യൂസ്‌ ആയി  വരും ...നിന്റെ കുഞ്ഞു മോള്‍  കരയുന്നത്  പലതവണ  ഫ്ലാഷ് ആയി ചാനലില്‍ മിന്നി മറയും ...
  ''
''വാ ....ഇപ്പൊ തന്നെ  വൈകി ...നമ്മള്‍ എത്താഞ്ഞിട്ട്  ഏതെങ്കിലും കൂതറ ന്യൂസ്‌  അവിടെ  ഡസ്ക്കില്‍  കിടന്നു പുളയുന്നുണ്ടാവും ....
      .........................................................................................................................

.

Thursday 23 May 2013

പ്രകൃതിയോടെന്റെ പ്രണയം

 നിന്നില്‍  അലിയാന്‍                                                                        

.......................................................
ഒരു നിശ്വാസത്തിന്റെ  ചിറകിലേറി 
നിനക്ക് മീതെ പറക്കാന്‍ ...പിന്നെ ..
ഒരു മഴയായ്  നിന്നിലേക്ക്‌ പെയ്തിറങ്ങാന്‍ ......
നിന്റെ ഉയരങ്ങളിലേക്ക് കിതപ്പോടെ അണയാന്‍ ...
നിന്റെയാഴങ്ങളിലേക്ക് ഊഴ്ന്നിറങ്ങാന്‍ ....
നിന്റെ വന്യതയില്‍ എന്നെ മറക്കാന്‍ .
നിന്റെ ആകാശ ദൂരങ്ങളെ 

മോഹ വേഗം കൊണ്ട്  അളന്നെടുക്കാന്‍ ....                                       

                                     

മഞ്ഞായ്‌  നിന്നില്‍ പതിക്കാന്‍
കാറ്റായ് നിന്നില്‍ അലയാന്‍ 
സൂര്യ താപങ്ങളുടെ പഞ്ചാരി മേളത്തില്‍ 
മോഹിനിയാവുന്ന നിന്നെയെന്‍ ...
മിഴികളുടെ മോഹവലയത്തില്‍ ..
ഉടക്കി നിര്‍ത്താന്‍  എനിക്ക് മോഹം ..
  ......         ........       ........

Tuesday 21 May 2013

വേനല്‍ മഴ

വേനല്‍ മഴ 

.............................
വന്നു ....ഇന്നലെ ..
തുടി കൊട്ടി ,താളം കൊട്ടി ,ചിന്നി ചിന്നി ,മന്ദം മന്ദം ...?
ഏയ്‌ ...അല്ലേയല്ല ....

ആയിരം  കാലുകളില്‍ ..
ആറായിരം  ചിലമ്പുകള്‍  അണിഞ്ഞു ..
അറുപതിനായിരം വാളുകള്‍ എടുത്ത് ..
ആകാശത്തെ  വിറപ്പിച്ച് ,  വേവിച്ച്.....
ഒരുഗ്ര  ചാമുണ്ടിയെപ്പോലെ ..
മുടിയഴിച്ച്  .ആര്‍ത്തലച്ച് ...
നിഴലിനെപ്പോലും  പൊള്ളിച്ച  ചൂടിനെ 
ഒരു ഞൊടിയിടക്ക്  പാതാളത്തിലേക്ക് പറഞ്ഞയക്കാന്‍ ...
ഒരു വേനല്‍മഴ ...ഒരൊന്നൊന്നര . ...
......മഴ .....
.................................................................

Wednesday 3 April 2013

സ്നേഹം നിറഞ്ഞ കൊന്നപ്പൂക്കള്‍ക്ക്

കൊന്നപ്പൂക്കള്‍ക്ക് 

.............................................
      മീനച്ചൂടില്‍  വാചാലമാവുന്നു നീ .
     വഴിപോക്കന്റെ  മനസ്സിലേക്ക് കവിതകള്‍  പെയ്യുന്നു .
      
   അടിച്ചുടയ്ക്കുന്നു  അഹത്തിനെ ..
  മൊഴിയാത്ത  നിന്റെ വാക്കുകളുടെ  ആര്‍ദ്രതയില്‍ .

 തകര്‍ത്ത് പെയ്യുന്ന വര്‍ണ്ണ മഴയില്‍ 
 നനച്ചു നിര്‍ത്തുന്നു നീ ഞങ്ങളെ ...

  പറയാതെ  പറയുന്നു നീ 
 സൂര്യനോടുള്ള നിന്റെ പ്രണയത്തെ ..

     ............................................................................................................................നന്ദി ....

Sunday 24 March 2013

സ്കൂള്‍ കഥകള്‍

തേജസ്സ്‌ 

................................
    ഇംഗ്ലീഷ്  പരീക്ഷയുടെ ഉത്തര ക്കടലാസ്   കയ്യില്‍ കിട്ടിയപ്പോള്‍  തേജസിന്റെ മുഖം  ആദ്യത്തെ വേനല്‍ മഴയ്ക്ക്‌ മുമ്പുള്ള  ആകാശം  പോലെ ആയി .
ആകെ  ഇരുണ്ടു  ഇപ്പൊ  ആര്‍ത്തലച്ചു  പെയ്യും  എന്ന മട്ടില്‍ .......

    ഉത്തരങ്ങളുടെ  വിശദീകരണവും  കിട്ടാവുന്ന മാര്‍ക്സും  പറഞ്ഞു കഴിഞ്ഞു  ഞാന്‍ കസേരയില്‍ ഇരുന്നു ...ഉടന്‍ നടക്കാന്‍ പോകുന്ന ബഹളത്തിനു  കാതോര്‍ത്ത് .......പഠിപ്പിസ്റ്റുകളും  ഒഴപ്പിസ്റ്റ്  കളും  ഒരു പോലെ  ജാഗരൂകരാവുന്ന  അസുലഭ  മുഹൂര്‍ത്തം ആണത് ....

പരീക്ഷയ്ക്ക് മുമ്പ്  ഒരിക്കല്‍  പോലും പുസ്തകം തുറന്നു നോക്കാത്തവനും  എല്ലാം  നന്നായി  പഠിച്ചു തയ്യാറായി എഴുതിയവനും  ഒരു പോലെ  സ്വന്തം വക്കാലത്ത്  ഏറ്റെടുത്ത്  സുപ്രീം കോടതിയില്‍  അര മാര്‍ക്കിനും  ഒരു മാര്‍ക്കിനും  വേണ്ടി   തെളിവ് സഹിതം   ശക്തിയുക്തം  വാദിക്കുന്നത്  കേട്ടാല്‍  നമ്മള്‍ കോരിത്തരിച്ചു  പോവും ......

    പിന്നീടുള്ള  പത്ത് പതിനഞ്ചു മിനിറ്റ്  സ്വന്തം പേപ്പറില്‍ മാര്‍ക്ക് തിരുത്തിക്കിട്ടാനും  കൂട്ടിക്കിട്ടാനും ഉള്ള ഒറ്റയാള്‍ യുദ്ധങ്ങളുടെ വെത്യസ്ത  രംഗങ്ങള്‍ എന്റെ മുന്നില്‍ അരങ്ങേറി ....

    അപ്പോഴെല്ലാം  ഞാന്‍  തേജസ്സിനെ  ശ്രദ്ധിച്ചു ,,,അവന്‍  അനങ്ങാതെ  ഇരിക്കുകയാണ് .   
എണ്‍പത് മാര്‍ക്കില്‍  നാലര മാര്‍ക്ക് കരസ്ഥമാക്കിയ  ഖാദര്‍  അവന്റെ  ഉത്തര കടലാസ്  ഉയര്‍ത്തി പ്പിടിച്ചു പ്രത്യക്ഷപ്പെട്ടത്  അപ്പോഴായിരുന്നു ......
 ടീച്ചര്‍ എല്ലാര്ക്കും മാര്‍ക്ക്  അധികം ഇട്ടു കൊടുത്തില്ലേ ..എന്റെ ഒരു പേജ് ടീച്ചര്‍ നോക്കീട്ടെ ഇല്ല ...''...
 ഖാദര്‍ അങ്ങനെ പറഞ്ഞപ്പോ  ഞാന്‍ ഞെട്ടിയില്ല .    എനിക്ക് അവന്‍ പറഞ്ഞ പേജ് നല്ല ഓര്‍മയുണ്ടായിരുന്നു .

 അവനറിയാവുന്നത്  എല്ലാം എഴുതി വെച്ച്  ബാക്കി വന്ന സമയത്ത്  അഞ്ചു ചോദ്യം  സുന്ദരമായി അവന്‍ അവസാന പേജില്‍  വള്ളിപുള്ളി  തെറ്റാതെ  പകര്‍ത്തി വെച്ചതായിരുന്നു .
....'' ഖാദറെ...ഇത് ചോദ്യം അല്ലെ മോനെ ...ഉത്തരമല്ലേ എഴുതേണ്ടത് ..?
   അയ്നെന്താ ..ഞാന്‍ തെറ്റാതെ എഴ്തീട്ടില്ലേ ....?

ഖാദര്‍ അവന്റെ  ലോ പോയിന്റ്‌  മുന്നോട്ടു വെച്ചു ....

ക്ലാസിലെ ഏറ്റവും മുതിര്ന്നവനാണ് ഖാദര്‍ ... സ്കൂളിലെ  ദീര്‍ഘ ദൂര ഓട്ടക്കാരന്‍ ....രാവിലെ  കോഴി പ്പീടികയില്‍  കോഴികളെ അറുക്കുന്ന  ജോലി ചെയ്തു  ആഴ്ചയില്‍ എഴുന്നൂറ്  രൂപ പോക്കറ്റ്‌ മണി  വാങ്ങുന്നവന്‍ ...

ഞാന്‍ ഖാദര്‍ ന്റെ പേപ്പര്‍ വാങ്ങി  അഞ്ചു ചോദ്യങ്ങള്‍ക്കും കൂടി അഞ്ചു മാര്‍ക്ക് കൊടുത്തു ....അങ്ങനെ  ഒമ്പതര  പത്ത് ആക്കി  പേപ്പര്‍ തിരിച്ച് കൊടുത്ത് .....
ഹോ ...ട്വന്റി  ട്വന്റി യില്‍  വിക്കെറ്റ് വീഴ്ത്തിയ ശ്രീശാന്തിനെ  പ്പോലെയായി ഖാദര്‍ ..പത്തു മാര്‍ക്കുള്ള പേപ്പര്‍ ഉയര്‍ത്തി കാണിച്ച് അവന്‍ ക്ലാസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും  പറന്നു ..പിന്നെ വിജയ ശ്രീ ലാളിതനെ പ്പോലെ ലാസ്റ്റ് ബെഞ്ചില്‍  ലാസ്റ്റ ആമത്  ആയി ഇരുന്നു .

അത് വരെ അനങ്ങാതിരുന്ന തേജസ്സ്‌ മെല്ലെ എഴുനേറ്റ്  അവന്റെ പേപ്പറും ആയി മേശയ്ക്കരികില്‍ വന്നു ...
 ഞാന്‍ അവന്റെ മുഖത്തേക്ക്  സൂക്ഷിച്ച് നോക്കി ...കണ്ണില്‍ നനവ്‌ പടര്‍ന്നിരിക്കുന്നു . ഒന്നും ചോദിച്ചില്ല ...

  '' ടീച്ചറെ ...എന്റെ ഇരുപത്തിരണ്ടു മാര്‍ക്ക് ഇരുപത്തിനാല് ആക്കി തരുമോ ..?
ഇംഗ്ലീഷ് നു മാത്രേ എനിക്ക് ഡി പ്ലസ്‌ ഇല്ലാതുള്ളൂ ....

തേജസ്സ്‌ എന്റെയടുത്ത് വരാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു ....പരീക്ഷയ്ക്ക് മുമ്പുള്ള  രണ്ടു ഈവിനിംഗ് ക്ലാസ് അറ്റന്‍ഡ് ചെയ്യാതെ അവന്‍ മുങ്ങിയത് എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു ...

നിനക്ക് ഞാന്‍ മാര്‍ക്ക് തരില്ല ..
നിന്റെ അശ്രദ്ധ ആണ് മാര്‍ക്ക് കുറയാന്‍ കാരണം ..''

എന്നിലെ കണിശക്കാരി ഉണര്‍ന്നു ....

''അമ്മയ്ക്ക് സങ്കടാവും ''....അവന്‍ മെല്ലെ പറഞ്ഞു ...

ഓഹോ ..അതിപ്പോഴാണോ ഓര്‍ക്കുന്നെ ...?''
''അമ്മ വരട്ടെ ...എനിക്ക് പറയാനുണ്ട് ''...

അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല ...സമയം നാല് മണിയായി  ദേശിയ ഗാനത്തിന്റെ  മണി മുഴങ്ങി ....
അതും കഴിഞ്ഞു  ലോങ്ങ്‌ ബെല്‍ അടിച്ചതും തേജസ്സ്‌ ബാഗും എടുത്ത് ഓടി ...ആരെയും നോക്കാതെ 
               .     ...    ... ...


          സ്റ്റാഫ്‌ റൂമില്‍ തിരിച്ചെത്തിയപ്പോള്‍  എന്നില്‍ വല്ലാത്തൊരു  അസ്വസ്ഥത പടര്‍ന്നു കയറി ...ആ ക്ലാസിലെ എന്റെ pet boy ആണ് തേജസ്സ്‌ ..ഒമ്പതാം ക്ലാസ്സിലെത്തിയിട്ടും  അഞ്ചാം ക്ലാസുകാരന്റെ വളര്‍ച്ച മാത്രം ...എണ്ണ ക്കറപ്പുള്ള  അവന്റെ  മുഖത്ത് എപ്പോഴും ചിരിയാണ് .   സ്പ്രിംഗ് പോലെ ചുരുണ്ടിരിക്കും അവന്റെ മുടി ...അതിലൂടെ വിരലുകള്‍ പായിച്ച് അവനെ 
മറ്റു കുട്ടികള്‍ ശല്യപ്പെടുത്തിയാലും  അവന്‍ ചിരിക്കുക മാത്രം ചെയ്യും .അവന്‍  ചിരിക്കുമ്പോള്‍  അവന്റെ വലിയ കണ്ണുകളിലും ചിരി പടരും ...

      ഒരിക്കല്‍ അവന്റെ അമ്മ വന്നപ്പോള്‍  ഞാന്‍ ചോദിച്ചു ..''എന്തിനാ തേജസിനെ  പ്രായമാകും മുമ്പേ സ്കൂളില്‍ ചേര്‍ത്തത് ..?

പ്രായമൊക്കെ ഉണ്ട് ടീച്ചറെ ..വളര്‍ച്ച ഇല്ലാഞ്ഞിട്ടാണ് ..''

എപ്പൊഴും  വേവലാതിയാണ്  എന്നെ ചൊല്ലി ..

ടീച്ചര്‍ ഒന്ന് ശ്രദ്ധിക്കണേ ,,'
...അന്ന് അവര്‍ അങ്ങനെയൊക്കെ പറഞ്ഞിരുന്നു ..പക്ഷെ അതില്‍ വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല ..

 എന്തോ ..ഞാന്‍ മാര്‍ക്ക് അധികം ചേര്‍ത്ത് കൊടുക്കാത്തത്  അബദ്ധമായോ ..?അമ്മയ്ക്ക് സങ്കടാവും എന്നല്ലേ അവന്‍ പറഞ്ഞത് ..

എനിക്ക് ആകെപ്പാടെ നെഞ്ചിനുള്ളില്‍  ഒരു കനം  അനുഭവപ്പെടാന്‍ തുടങ്ങി 

എന്തിനാണ് സ്കൂള്‍ വിട്ട ഉടനെ തേജസ്‌ വീട്ടിലേക്ക് ഓടിപ്പോകുന്നത് ..?ആരോടാ  ചോദിക്കുക ..?

അപ്പോഴാണ്‌ എന്റെ കൂട്ടുകാരി സുല്ഫിത്തിനെ ഓര്മ വന്നത് ...പഞ്ചായത്ത് ഓഫീസിലെ ക്ലെര്‍ക്ക് ..തേജസ്സ്‌ ഒരിക്കല്‍ പറഞ്ഞിരുന്നു  സുല്‍ഫിത്ത് അവന്റെ വീടിനടുത്താണ് താമസിക്കുന്നത് എന്ന് ..
മൊബൈലില്‍ അവളുടെ നമ്പര്‍ കിട്ടിയപ്പോ  വലിയ സന്തോഷം തോന്നി ..

...   ഞാന്‍  വീട്ടില്‍ തന്നെയുണ്ട് ടീച്ചറെ ...ഒരു ഓട്ടോ പിടിച്ചു ഇപ്പൊ വാ ..എന്തിനാ തേജസ്സ്‌ ധൃതി പിടിച്ചു  അവന്റെ വീട്ടിലെത്തുന്നത് എന്ന് അപ്പൊ കാണാം ..''

ഓ...അപ്പൊ  എന്തോ ഒരു കാര്യം ഉണ്ട് ...
 ഞാന്‍ ബാഗുമെടുത്ത് റോഡില്‍ എത്തി ..ആദ്യം കണ്ട ഓട്ടോയില്‍ സുല്ഫിയുടെ വീട്ടിലേക്കു  യാത്രയായി ...

സുല്‍ഫി  എന്നെ കാത്ത് വാതുക്കല്‍ തന്നെയുണ്ട്‌ ...
എന്നെ ക്കണ്ടതും അവള്‍ പറഞ്ഞു ,...''വാ നമുക്ക് തേജസ്സ്‌  ന്റെ വീട്ടില്‍ ഇപ്പൊ തന്നെ പോകാം ..അവന്‍ എന്താ ചെയ്യുന്നതെന്ന് ടീച്ചര്‍ ക്ക് കാണാം ..

...ഒരു ചെറിയ വീട് ....ഞങ്ങള്‍ ചെല്ലുമ്പോള്‍  ആരോ അപ്പൊ വീടിനു ചുറ്റും അടിച്ചു വാരി വൃത്തി ആക്കി ഇട്ടിരിക്കുന്നതായി തോന്നി ...സുല്‍ഫി ഒന്നും മിണ്ടിയില്ല ...കണ്ണ് കൊണ്ട് വീട്ടിനകത്തേക്ക്‌ നോക്കാന്‍ ആംഗ്യം കാണിച്ചു .
ഞാന്‍ കുറച്ചു കൂടി അടുത്തേക്ക് ചെന്ന് വീടിനുള്ളിലേക്ക് നോക്കി ..തേജസ്സ്‌  ബക്കറ്റ്‌ ലെ  വെള്ളത്തില്‍ തുണി മുക്കി വീട്ടിനകം തുടക്കുകയാണ് ...നിലം കഴിഞ്ഞപ്പോള്‍  വാതില്‍ പ്പടികളും  ജനലുകളും  ഇരിക്കാനുപയോഗിക്കുന്ന  സിമന്റ്‌  ഭിത്തിയും എല്ലാം വൃത്തിയായി തുടച്ചു .
 എല്ലാം കഴിഞ്ഞപ്പോള്‍  ബക്കറ്റ് എടുത്തു പുറത്തേക്കു വന്നു ...

അപ്പോഴേ അവന്‍ ഞങ്ങളെ കണ്ടുള്ളൂ .....അവന്റെ മുഖത്തെ അമ്പരപ്പ്  ഒന്ന് കാണേണ്ടത് തന്നെയായിരുന്നു .

ടീച്ചറെ ... എന്ന് വിളിച്ചു തേജസ്സ്‌ അടുത്തേക്ക് വന്നു ...ഉപചാര വാക്കുകള്‍ക്കു വേണ്ടി അവന്റെ മനസ്സ് പരതുകയാവും എന്നെനിക്കു തോന്നി ..

വാ ..ഞാനവന്റെ കൈ പിടിച്ചു ..വരാന്തയിലേക്ക്‌ കയറി ..അവിടെയുള്ള കസേരകളില്‍ ഞങ്ങള്‍ ഇരുന്നു ....അപ്പോള്‍ മുറിയില്‍ നിന്നും  അവന്റെ പ്രായമായ അമ്മമ്മ പുറത്തേക്കു വന്നു ....

അമ്മമ്മേ  എന്റെ ടീച്ചറാണ് ...തേജസ്സ്‌ പരിജയപ്പെടുത്തി ....
''  തേജസ്സ്‌ എന്തിനാ സ്കൂള്‍ വിട്ട ഉടനെ വീട്ടിലേക്ക് വരുന്നത് ..? വൈകുന്നേരത്തെ  ഒരു പരിപാടിക്കും  അവന്‍ നില്‍ക്കുന്നില്ല ...അതറിയാനാ ടീച്ചര്‍ വന്നത് ..സുല്‍ഫി പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു ...

ഓ ...അതോ ...ഓനു  ബേജാര്‍  ആണ് ടീച്ചറെ ...ഓന്റെ അമ്മക്ക് അല്ലര്‍ജീന്റെ സൂക്കേട് ഉണ്ട് ...അമ്മ മരിച്ചു പോകുവോ  എന്ന് പേടിച്ചിട്ട  എന്റെ കുഞ്ഞി  ഓരോ ദിവസൂം കയ്ച്ച് കൂട്ട്ന്നത് ....മരക്കമ്പനീലാന്നു  ഓള്‍ക്ക് പണി ...

  ഇതിനിടയില്‍ തേജസ്സ്‌  അടുക്കളയിലേക്ക്  കയറി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു .  

പോകുന്ന കൊച്ചു മോനെ ശ്രദ്ധിച്ച്  അമ്മമ്മ തുടര്‍ന്നു....
ഓന്റെ അച്ഛന്‍  രണ്ടു കൊല്ലം മുമ്പേ മരിച്ചു ...മരക്കമ്പനീ പണിയെടുത്തിട്ട്  ചൊമച്ച്   ചൊമ ച്ച് ......
അത് പൂര്‍ത്തിയാക്കാന്‍  കഴിയാതെ  ആ വൃദ്ധ മനസ്സ് വിങ്ങുന്നത് ഞാന്‍ അറിഞ്ഞു ...ദൂരേക്ക് കണ്ണുകള്‍ പായിച്ച് ആരോടെന്നില്ലാതെ അവര്‍  വേദനകള്‍
വിഴുങ്ങുന്നതും   മുണ്ടിന്റെ കോന്തല  വലിച്ചു കണ്ണ് തുടക്കുന്നതും  ....എന്റെ തൊണ്ടയില്‍  എന്തോ വന്നു കുടുങ്ങുന്ന  കാഴ്ചയായി ...

ബാക്കി കഥ  സുല്ഫിയാണ് പറഞ്ഞത് ....

അലര്‍ജി ഉള്ള  അമ്മയ്ക്ക്  മരക്കമ്പനി  യിലെ  ജോലി  വല്ലാതെ  പ്രയാസം  ഉണ്ടാക്കുന്നുണ്ടെന്ന്  തേജസിന്  നന്നായറിയാം ....അമ്മയും  ചുമച്ച്  ചുമച്ച്  പെട്ടെന്ന്‍  ഒരു  ദിവസം  മരിച്ചാലോ  എന്ന് ആ കുട്ടി വല്ലാതെ ഭയപ്പെടുന്നു ...

  അതുകൊണ്ട് ജോലി  കഴിഞ്ഞെത്തുന്ന  അമ്മയ്ക്ക്  വീട്ടില്‍  ആവുന്നത്ര  ആശ്വാസം  പകരുക ....അമ്മയ്ക്ക്  ശ്വാസതടസം  വരാതിരിക്കാന്‍  വീട് ഇപ്പോഴും  അടിച്ചുവാരി ..തുടച്ച് വെക്കുന്നത്  അതിനാണ് ..അമ്മ പണി  കഴിഞ്ഞെത്തുമ്പോഴേക്കും  ഏതാണ്ട് എല്ലാ  അടുക്കള  പണിയും  അവന്‍ ചെയ്തു  തീര്‍ക്കും ......അമ്മ  ക്ഷീണിച്ച്  വരുന്നത്  വൃത്തിയും  വെടിപ്പുമുള്ള ..ജോലി ഭാരം ഇല്ലാത്ത  വീട്ടിലെക്കായിരിക്കണം .....

ആറുമണിക്ക്  അമ്മ  എത്തുമ്പോള്‍  കുളിക്കാന്‍  ചൂട് വെള്ളവും  ആവി പറക്കുന്ന  ചായയുമായി  അവനും അമ്മമ്മയും  കാത്തിരിക്കുന്നുണ്ടാവും ...

ഇതിനാണ് ടീച്ചറെ  അവന്‍  നാലുമണിക്ക് സ്കൂള്‍ വിട്ട  ഉടനെ  നെട്ടോട്ടം ഓടുന്നത് ...നാല് മണി മുതല്‍ അമ്മ തിരിച്ചെത്തുന്നത് വരെയുള്ള  സമയം  അവന്റെ  അമ്മയ്ക്ക്  വേണ്ടി നീക്കി വെച്ചതാണ് ...ഈ ലോകത്ത്  മറ്റൊന്നിനു വേണ്ടിയും  അവന്‍ ആ സമയം  മാറ്റിവെക്കില്ല ...

   ഒന്നും മിണ്ടാന്‍ കഴിയാതെ  സ്തബ്ധയായി  ഞാനിരുന്നു ...തേജസ്സ്‌  രണ്ടു ഗ്ലാസുകളില്‍  ചായയുമായി വന്നു ...ചായ ഗ്ലാസ് കയ്യിലെടുക്കുമ്പോള്‍  അവനെ നോക്കാന്‍  എനിക്ക് ശക്തി  ഉണ്ടായില്ല ...

ചായ കുടിച്ചെന്നു  വരുത്തി ഞാന്‍ എഴുന്നേറ്റു ...അവന്റെ  അമ്മമ്മയോട്  യാത്ര പറഞ്ഞു ...എന്റെ മുന്നില്‍ അടുത്ത് നിന്ന തേജസ്സ്‌ ന്റെ ചുമലില്‍  കൈ വെച്ച് അവനെ ചേര്‍ത്ത് നിര്‍ത്തി ...പിന്നെ ഒന്നും മിണ്ടാതെ  ഞാന്‍ റോഡിലേക്ക് നടന്നു ...

തിരിച്ച് വരുമ്പോള്‍  എന്റെ  മനസ്സിലെ ഏതോ  വലിയ വിഗ്രഹം  പൊട്ടി ചിതറി ഒന്നുമല്ലാതാവുന്നത് ഞാന്‍ അറിഞ്ഞു ...

ഏതൊക്കെയോ വഴികളിലൂടെ ഞാന്‍ നടന്നു ...മനസ്സില്‍  കടലുകള്‍ വരളുകയും  ആകാശം പിളരുകയും ചെയ്തു ...ഒരു വലിയ മൈതാനം എന്റെ ഉള്ളില്‍  ഉടലെടുത്തു ..അവിടമെല്ലാം  പൊടി            പടലങ്ങള്‍ പറന്നു നടക്കുന്നു ...പക്ഷെ  അതിന്റെ നടുവിലൂടെ  ഒട്ടും  പൊടി യില്ലാത്ത ഒരു വഴി ....അതിലൂടെ  എന്നെക്കാള്‍ ഒരു പാട്  ഉയരം വെച്ച തേജസ്സ്‌  അവന്റെ അമ്മയെ  ചേര്‍ത്ത് പിടിച്ച്  മുന്നോട്ട് നടന്നു പോകുന്നു ...ആരെയും നോക്കാതെ ....

   ചിന്തകളില്‍ നിന്നുണര്‍ന്നപ്പോള്‍  നടന്നു ഞാന്‍  സ്കൂള്‍ മുറ്റത്തെത്തി യിരുന്നു .

സ്റ്റാഫ് റൂം പൂട്ടിയിരുന്നില്ല ...ഒരു യന്ത്രം പോലെ ഞാന്‍ എന്റെ ചെയറില്‍ വന്നിരുന്നു ..മേശ തുറന്നു  മാര്‍ക്ക്‌ ലിസ്റ്റ് പുറത്തെടുത്തു ...തേജസ്സ്‌ ന്റെ മാര്‍ക്ക്  തിരുത്തി  ഗ്രേഡ് മാറ്റിയെഴുതി ....

വീട്ടിലേക്ക് നടക്കുമ്പോള്‍  ആരോ  ഉള്ളില്‍ നിന്ന് നേര്‍ത്ത  ശബ്ദത്തില്‍  പറഞ്ഞു ..ന്റെ അമ്മക്ക് സങ്കടാവും .....

............................................................................................................................................

.





     

Thursday 21 March 2013

ഗതികെട്ട വാക്കുകള്‍


എന്തെഴുതണം ഞാന്‍ ഈ കവിതാ ദിനത്തില്‍ ?...

ചോദിച്ചു ഞാനീ ചോദ്യം
പുഴയോട് ..,കാറ്റിനോട് ..,മഴയോട് ..,മലയോടും
പിന്നെ സൂര്യനോടും .

പുഴ പറഞ്ഞു ...
...ഒഴുക്ക് തടയപ്പെട്ട ,സ്വത്വമില്ലാത്ത ..
എന്റെ വരണ്ട ഹൃദയത്തില്‍
എന്റെ അവസാന സ്വപ്നത്തിന്റെയും
കഴുത്തു ഞെരിച്ചു
നിങ്ങള്‍ തേടുന്നത് ഏത് ജീവന്റെ കവിതയാണ് ..?നോക്കു...നിന്റെ കയ്യില്‍ തൂലികയല്ല ..ആയുധമാണ്

കാറ്റ് പറഞ്ഞു ...
..എന്റെ വിശുദ്ധിയില്‍
വാക്ക് കൊണ്ടും ചിന്ത കൊണ്ടും കര്‍മം കൊണ്ടും മാലിന്യം വിസര്‍ജിച്ചിട്ടു
സ്വയം മൃത്യുവിന്റെ കാല്‍ക്കല്‍
പാദസേവ ചെയ്യുവതെന്തേ
ഉണ്ടാവുമോ ആ തൂലികയില്‍
ഇനിയും ആര്‍ദ്രതയുടെ ചന്തമുള്ള മഷി ..?

മഴ പറഞ്ഞു ..
...കാലമെത്രയായ് പെയ്തിറങ്ങുന്നു ഞാന്‍ ഋതുക്കള്‍ ഓരോന്നിലും മുറ തെറ്റാതെ ..?
വിഡ്ഢികള്‍ ...അഹന്ത തന്‍ പിന്മുറക്കാര്‍ ..
എന്തെ തടയാത്തതെന്തേ ...?
പാഴായിപ്പോകുന്നു  എന്‍ ജന്മം ...
ഈ ആസുര ജന്മങ്ങളില്‍ പുണ്യമേകാതെ ..
എവിടെ തണുക്കും നിന്‍ അക്ഷരങ്ങള്‍ ..?

മല പറഞ്ഞു ..
...കുഞ്ഞിനോടും പെങ്ങളോടും  അമ്മയോടും
ഈ എന്നോടും ..
ഹേ മര്‍ത്യാ ..നീ ചെയ്യുന്നത് ഒരേ പാപമല്ലേ ..?
ഹ ; അറക്കുന്നു  പറയാന്‍ ...
ഒറ്റക്കും കൂട്ടായും ....?
ആവുമോ തുരുമ്പിച്ച ആയുധത്തിന്
പകരം തൂലിക ചലിപ്പിക്കാന്‍ ?

സൂര്യന്‍ പറഞ്ഞു ...
വാക്കുകള്‍ കൊണ്ടെന്‍ കണ്ണുകള്‍ മൂടുക ...
വയ്യ മര്ത്യനീ ഭൂവിന്‍ മാറില്‍
സ്വയം മറന്നു
സ്വന്തം ശവക്കുഴിക്ക്
ആഴം കൂട്ടുന്നത്
നിസ്സംഗനായ്‌ ഇങ്ങനെ ദിനവും കാണാന്‍
ഉണ്ടാവുമോ വാക്കുകള്‍ ഈ തൂലികയില്‍
എന്റെ കണ്ണുകളെ മറയ്ക്കാന്‍ ...
..............................................................................

Monday 18 March 2013

യാത്ര

നേത്രാവതിയില്‍ ഒരു ദിവസം 

..........................................................................................
       നേത്രാവതിയിലെ  third A C കോച്ചില്‍ ഇന്ത്യന്‍ റെയില്‍വേ  എനിക്കായി റിസര്‍വ് ചെയ്ത സീറ്റില്‍  കാലത്ത് ഏഴു മണിക്ക് കയറി ഇരുന്നപ്പോള്‍ ഒരു ഗുഹയില്‍ പെട്ടത് പോലെ ആയി ഞാന്‍ .  മുഷിഞ്ഞ കരിം പച്ച കര്‍ട്ടനുകള്‍ക്ക്  അപ്പുറത്തും ഇപ്പുറത്തും  അഞ്ചു പേര്‍ കിടന്നുറങ്ങുന്നു ....
രാവിലെ ഞാന്‍ കൊണ്ടുവന്ന ഫ്രെഷ്നെസ് മൊത്തം  ഈ  ശീതീകരിച്ച  വിഴുപ്പുകളില്‍  അകാല  മരണത്തിനു  വിധേയ മാകുമല്ലോ  എന്നോര്‍ത്ത് എനിക്കല്‍പ്പം  വിഷമം തോന്നി .....
     
                പിന്നെ മെല്ലെ അന്നത്തെ  പത്രത്തിലെ  മുന്‍പേജിലെ   വാര്‍ത്തകളിലൂടെ
താല്‍പ്പര്യമില്ലാതെ  ഞാനൊരു moon walk നടത്തി .....അപ്പോഴാണ്‌ നേരെ എതിര്‍വശത്തെ ബെര്തിലെ  തടിയന്‍   എഴുനേല്‍ക്കാതെ  മുഖം തിരിച്ച്  എന്നോട് .....എവിടെയെത്തി ...?.....എന്ന് ചോദിച്ചത് . ......കണ്ണൂര്‍  വിട്ടു ....എന്ന്  മറുപടി കൊടുത്തു....അല്‍പ്പം കഴിഞ്ഞപ്പോള്‍ തടിയന്‍ എഴുന്നേറ്റു ....മുഖം കഴുകി  തിരിച്ചു വന്നു .  ....ഞാന്‍ അപ്പോഴേക്കും പാരായണം മതിയാക്കി  പത്രം അവിടെ വെച്ചിരുന്നു .  .....എടുക്കട്ടെ ..എന്ന് ആംഗ്യത്തിലൂടെ  ചോദിച്ചു
പത്രമെടുത്ത് ഒന്ന് കണ്ണോടിച്ചു ..അയാള്‍ക്കും വാര്‍ത്തകളില്‍ വലിയ താല്‍പ്പര്യം കണ്ടില്ല . ....അപ്പോഴേക്കും ബാക്കി നാല് പേരും എഴുനേറ്റു  റെഡിയായി  ആ തടിയന്റെ  ചുറ്റും വന്നിരുന്നു ....പിന്നെ സുഹൃത്തുക്കള്‍ക്ക്  മാത്രം സാധ്യമായ എങ്ങും  തൊടാതെയുള്ള  കത്തി വെക്കല്‍  തുടങ്ങി ....കൂടെ ഇടി മുഴങ്ങും പോലെ ചിരിയും ....

   പെട്ടെന്ന് ആ തടിയന്‍ എന്നോട് ചോദിച്ചു ...madam ..ഞങ്ങളുടെ ശബ്ദം ബുദ്ധിമുട്ടാവുന്നില്ലല്ലോ ?....ഇല്ല ...ഞാന്‍ മറുപടി കൊടുത്തു. ...സത്യത്തില്‍ അവര്‍ ആരാണെന്ന് അവരുടെ  സംഭാഷണത്തില്‍ നിന്ന് ചികഞ്ഞെടുക്കുകയായിരുന്നു  ഞാന്‍ .  ..അധികം കഴിയും മുമ്പേ ..അവര്‍ അഞ്ചു പേരും  duty കഴിഞ്ഞു വരുന്ന  TTR മാരാണെന്ന്  എനിക്ക് മനസ്സിലായി .
പിന്നെ  അവര്‍ക്കായി  ചായ വന്നപ്പോഴും  സ്പെഷ്യല്‍ ഉപ്പുമാവ്  വന്നപ്പോഴും   കഴിക്കുന്നോ ..? എന്നെന്നോട് ചോദിച്ചു ..വേണ്ട എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ..തടിയന്‍ വീണ്ടും പറഞ്ഞു ....റെയില്‍വേ യുടെ മസാല  ചായ  വാങ്ങി പേടിക്കാതെ കുടിക്കാം ...ഞാന്‍ ചുക്ക് ഇട്ടു ഉണ്ടാക്കിയ  ചൂടുള്ള മസാല ചായ  മെല്ലെ കുടിച്ചു കൊണ്ടിരുന്നു .    എനിക്ക് ഇരുപ്പു  മടുത്തു തുടങ്ങി .      എവിടെയെങ്കിലും ഒന്ന് കിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ....
കാലു നീട്ടി വെച്ച് ഞാന്‍ ചാരി ഇരുന്നു ....പതുക്കെ  ഉറങ്ങാന്‍ തുടങ്ങി ....
തടിയന്റെ വിളി കേട്ടാണ്  ഉണര്‍ന്നത് ...അയാള്‍  സൈഡ് ബെര്‍ത്തിലെ  ചങ്ങാതിയെ  എഴുന്നേല്‍പ്പിച്ചു  എനിക്ക് ഉറങ്ങാന്‍ സൌകര്യം ചെയ്തു തന്നു .

...     പിന്നെ ഉണര്‍ന്നപ്പോള്‍  വണ്ടി  ഷോര്‍ണൂര്‍ എത്തിയിരുന്നു .   ഏറണാകുളത്ത് എത്താറായപ്പോള്‍  തടിയന്‍ എന്നോട് വീണ്ടും ചോദിച്ചു ....
യാത്ര കുഴപ്പമായില്ലല്ലോ ...?ഞങ്ങള്‍ TTR മാര്‍ അത്ര കുഴപ്പക്കാരല്ല ....
അത് വരെ ഞാന്‍ അണിഞ്ഞ ഗൌരവത്തിന്റെ  മുഖം മൂടി  ചിരിയോടെ ഞാന്‍ എടുത്തു മാറ്റി ....നിങ്ങള്‍ കുഴപ്പക്കാര്‍  അല്ലെങ്കില്‍  ഞാനും  കുഴപ്പക്കാരിയല്ല ....
പിന്നെ അവിടെ കേട്ടത്  ഭയങ്കര ചിരി ആയിരുന്നു ....എനിക്ക് നല്ല സന്തോഷം തോന്നി ...നമ്മളെന്തിനാ ചുമ്മാ കുഴപ്പക്കാരാവുന്നത് ....???....
.......................................................................................................................................


അശാന്തിയുടെ അരക്കില്ലം

...ഇവര്‍ ആരുടെ ശത്രുക്കള്‍ ?

..............................................................
ഇന്ത്യയുടെ തെരുവോരങ്ങളില്‍ 
നിനച്ചിരിക്കാത്ത നേരത്ത്  
ആരോ തിരക്കഥയെഴുതിയ  മരണത്തിനു 
ആര്‍ക്കോ വേണ്ടി കീഴടങ്ങുന്നവര്‍  ഇവര്‍ ..
ആരുടെ ശത്രുക്കളാണ് ...?

അരൂപിയായ വിധിയുടെ 
രംഗബോധമില്ലാത്ത തെരുവ് നാടകത്തില്‍ 
കഥയറിയാതെ വേഷം കെട്ടുന്നവര്‍ 
ഇവര്‍ പാവങ്ങള്‍ 
തെരുവില്‍ ജീവിക്കുന്നവര്‍ 
അന്തിമയങ്ങുമ്പോള്‍ ഒരു നുറുങ്ങു വെട്ടത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ 
ഒരു പൊതി പലഹാരത്തില്‍ 
തിളങ്ങുന്ന കുഞ്ഞു കണ്ണുകളില്‍ 
ജന്മം തേടുന്ന നിരാലംബര്‍ .

തെരുവില്‍ ,സൈക്കിളില്‍ ,ബസ്സില്‍ ,തീവണ്ടിയില്‍
ഒരു ഞൊടിയിട താണ്ടവമാടുന്ന
ദ്രുത വിസ്ഫോടനങ്ങളില്‍
ഉടലും തലയും വേറിട്ട്‌
കുടല്‍മാല ചിന്നിച്ചിതറി
പിന്നെയും കാഴ്ച ചിത്രങ്ങളായി
പത്ര ത്താളുകളില്‍ വായിക്കപ്പെടുന്നവര്‍
ഇവര്‍ ആരുടെ ശത്രുക്കള്‍ ...?
കൃഷ്ണന്റെ ..? നബിയുടെ ..?യേശുവിന്റെ ...?

അശാന്തിയുടെ അരക്കില്ലത്തില്‍
ഭീതിയുടെ മഞ്ചത്തില്‍
അഗ്നിയെ ദുസ്വപ്നം കണ്ടു
ഉറങ്ങാതെ രാവിനെ പഴിക്കുന്നവര്‍ ..
തെരുവില്‍ ഒരു തുടം കഞ്ഞി
കുമ്പിളില്‍ വീഴ്ത്തിക്കിട്ടാന്‍
പകലിനെ കനലില്‍ ചുറ്റെടുക്കുന്നവര്‍
കവര്‍ന്നെടുത്തുവോ ഇവര്‍  ആരുടെയെങ്കിലും
വിഷം പുരട്ടിയ സ്വപ്നങ്ങളെ ...?

ആളിക്കത്തുന്ന അഗ്നിയില്‍
പരസ്പരം നിലവിളിച്ചു
വെന്തു മരിച്ചവരില്‍
അമര്‍ ഉം അക്ബറും  ആന്റണി യും
ഉണ്ടായിരുന്നില്ലേ ..?
വെന്തു കരിഞ്ഞ ശവശരീരത്തില്‍
കണ്ടുവോ നിങ്ങള്‍ കൊന്ത ...?തഴമ്പ് ..? സിന്ദൂരം ..?

ഡോളറില്‍ ..,കഞ്ചാവില്‍ ..
കുടിലതകള്‍ തിരുത്തി വായിച്ച
മത ബോധനങ്ങളില്‍
വിവേകം പൂട്ടി വെച്ച് ,
താക്കോല്‍ കൂട്ടമെടുത്തമ്മാനമാടുന്ന ..
ഇരുട്ടിന്റെ സന്തതികളെ ചേര്‍ത്തു വെച്ചാല്‍
ഈ മഹാഭാരതത്തിന്റെ ഒരു കോണില്‍
കൂട്ടി വെക്കാനില്ല

എന്നിട്ടും തട്ടും പുറത്തെ അഞ്ചാറു തേങ്ങയ്ക്ക് വേണ്ടി
ഇനിയും വിഡ്ഢികള്‍ ആയി
വെവ്വേറെ വീഥികളില്‍
ഊറ്റം കൊണ്ട് നടക്കുന്നതെന്തേ നമ്മള്‍ ..?
ആരാണ് നമ്മുടെ ശത്രു ...?
കൃഷ്ണോ ..യേശുവോ ...നബിയോ ..?അല്ല
ഗുരുവോ ..ഗാന്ധിയോ ...മാര്‍ക്സോ ...?
അല്ല നമ്മള്‍ തന്നെയോ ....?
......................................................

Friday 15 March 2013

മായുന്ന രേഖകള്‍

......മായുന്ന രേഖകള്‍
................................................
......സത്യാസത്യങ്ങള്‍ക്കിടയില്‍ ..
   ഒരു നേര്‍ത്ത  രേഖ .
    സത്യം വേണ്ടാത്തവരുടെ
  ഉന്മാദ പ്പാച്ചിലില്‍ ..
   തിക്കിലും തിരക്കിലും പെട്ട്
ശ്വാസം മുട്ടിച്ചത്തു .
  പാവം .

     ദൂരെ മാറിനിന്നു
ഓടിപ്പോകുന്ന മുഖങ്ങളെ കണ്ടു ..
ഞാന്‍ നടുങ്ങിപ്പോയി
അതിലൊരു മുഖം എന്റെതും
മറ്റൊന്ന് നിന്റെതും ആയിരുന്നു .
പിന്നെ പതുക്കെ
നിര്‍വികാരത എന്നില്‍ കൂടു കൂട്ടുന്നത്‌
വേദനയോടെ ഞാനറിഞ്ഞു .

അരം കൂട്ടിയ മൂര്ച്ചയുടെ തുമ്പത്ത്
മരണത്തെ വെച്ച് കെട്ടി
തന്റെ നേര്‍ക്കൊങ്ങുന്ന കൈകളുടെ അറ്റത്ത്
ബ്രുടസ്സിന്റെ മുഖം കണ്ടു
മരണത്തെ ക്കാള്‍ വലിയ വേദന
അറിഞ്ഞു അന്ന് സീസര്‍ ...
ബ്രുടസ്സിനു പക്ഷെ
നിര്‍വികാരത ആയിരുന്നു ...

അസത്യങ്ങളെന്നും സത്യത്തിന്റെ  കുപ്പായം
കട്ടെടുത്തു മാലാഖ ചമയുമെന്നതു
പഴമൊഴിയല്ല ...
അന്നും ..ഇന്നും ..എന്നും ..
നമ്മോടൊപ്പം നടക്കുന്ന അനശ്വര
മൊഴിയാണ് ....
അണിയാന്‍ ഒരു കുപ്പായമില്ലാതെ
സത്യം എങ്ങിനെ പുറത്തു വരും ...
വരില്ല ഒരിക്കലും ...

Thursday 7 March 2013

പെണ്മക്കള്‍ക്ക്

പെണ്മക്കള്‍ക്ക് 
..................................
കാപട്യത്തിന്റെ ചിതല്‍പ്പുറ്റ് നിറഞ്ഞു നില്‍ക്കുന്നതാണ് നിന്റെ ചുറ്റുമുള്ളവരുടെ 
മനസ്സെങ്കില്‍ 
ഒളിപ്പോരിന്റെ അരക്കില്ലം സ്വയം പണിതു വേണം 
നീ അവിടെ താമസിക്കാന്‍ ..
ദഹനത്തിന്റെ നിഗൂടലക്ഷ്യവുമായി 
കുടിലതയുടെ കിങ്കരന്മാര്‍ അടുക്കുമ്പോഴേക്കും 
വിദുര ബുദ്ധിയുടെ 
ഗുഹാ വീഥികളിലൂടെ 
ഭീമ വേഗത്തില്‍ നീ പറന്നകന്നിരിക്കണം
കടവില്‍ നിനക്കായ് ഒരു വഞ്ചി
എന്നും കാത്തു കിടക്കുന്നുണ്ടാവും
അത് ...അത് നിന്റെ സൂക്ഷ്മതയാണ് ...
പത്തു തലയുള്ള ഇരുപതു കണ്ണുകളുള്ള
സൂക്ഷ്മത .....

Sunday 3 February 2013

വാക്കുകള്‍

പാതി ജടമായ മനസ്സിന്റെ ഉരുകലില്‍ 
  താപ തീരം പണിയുന്നു ഞാനെന്നും 
പോവതില്ല വീണിടം വിട്ടു ഞാന്‍ ...
പോര്‍വിളിയുടെ ആരവം നീങ്ങാതെ 
കാക്കുവാനുണ്ട് നൊമ്പരപ്പൂക്കളെ ...
എന്മടിയിലെ മഞ്ഞ മന്ദാരങ്ങളെ ...