Thursday, 21 March 2013

ഗതികെട്ട വാക്കുകള്‍


എന്തെഴുതണം ഞാന്‍ ഈ കവിതാ ദിനത്തില്‍ ?...

ചോദിച്ചു ഞാനീ ചോദ്യം
പുഴയോട് ..,കാറ്റിനോട് ..,മഴയോട് ..,മലയോടും
പിന്നെ സൂര്യനോടും .

പുഴ പറഞ്ഞു ...
...ഒഴുക്ക് തടയപ്പെട്ട ,സ്വത്വമില്ലാത്ത ..
എന്റെ വരണ്ട ഹൃദയത്തില്‍
എന്റെ അവസാന സ്വപ്നത്തിന്റെയും
കഴുത്തു ഞെരിച്ചു
നിങ്ങള്‍ തേടുന്നത് ഏത് ജീവന്റെ കവിതയാണ് ..?നോക്കു...നിന്റെ കയ്യില്‍ തൂലികയല്ല ..ആയുധമാണ്

കാറ്റ് പറഞ്ഞു ...
..എന്റെ വിശുദ്ധിയില്‍
വാക്ക് കൊണ്ടും ചിന്ത കൊണ്ടും കര്‍മം കൊണ്ടും മാലിന്യം വിസര്‍ജിച്ചിട്ടു
സ്വയം മൃത്യുവിന്റെ കാല്‍ക്കല്‍
പാദസേവ ചെയ്യുവതെന്തേ
ഉണ്ടാവുമോ ആ തൂലികയില്‍
ഇനിയും ആര്‍ദ്രതയുടെ ചന്തമുള്ള മഷി ..?

മഴ പറഞ്ഞു ..
...കാലമെത്രയായ് പെയ്തിറങ്ങുന്നു ഞാന്‍ ഋതുക്കള്‍ ഓരോന്നിലും മുറ തെറ്റാതെ ..?
വിഡ്ഢികള്‍ ...അഹന്ത തന്‍ പിന്മുറക്കാര്‍ ..
എന്തെ തടയാത്തതെന്തേ ...?
പാഴായിപ്പോകുന്നു  എന്‍ ജന്മം ...
ഈ ആസുര ജന്മങ്ങളില്‍ പുണ്യമേകാതെ ..
എവിടെ തണുക്കും നിന്‍ അക്ഷരങ്ങള്‍ ..?

മല പറഞ്ഞു ..
...കുഞ്ഞിനോടും പെങ്ങളോടും  അമ്മയോടും
ഈ എന്നോടും ..
ഹേ മര്‍ത്യാ ..നീ ചെയ്യുന്നത് ഒരേ പാപമല്ലേ ..?
ഹ ; അറക്കുന്നു  പറയാന്‍ ...
ഒറ്റക്കും കൂട്ടായും ....?
ആവുമോ തുരുമ്പിച്ച ആയുധത്തിന്
പകരം തൂലിക ചലിപ്പിക്കാന്‍ ?

സൂര്യന്‍ പറഞ്ഞു ...
വാക്കുകള്‍ കൊണ്ടെന്‍ കണ്ണുകള്‍ മൂടുക ...
വയ്യ മര്ത്യനീ ഭൂവിന്‍ മാറില്‍
സ്വയം മറന്നു
സ്വന്തം ശവക്കുഴിക്ക്
ആഴം കൂട്ടുന്നത്
നിസ്സംഗനായ്‌ ഇങ്ങനെ ദിനവും കാണാന്‍
ഉണ്ടാവുമോ വാക്കുകള്‍ ഈ തൂലികയില്‍
എന്റെ കണ്ണുകളെ മറയ്ക്കാന്‍ ...
..............................................................................

3 comments: