Monday, 18 March 2013

അശാന്തിയുടെ അരക്കില്ലം

...ഇവര്‍ ആരുടെ ശത്രുക്കള്‍ ?

..............................................................
ഇന്ത്യയുടെ തെരുവോരങ്ങളില്‍ 
നിനച്ചിരിക്കാത്ത നേരത്ത്  
ആരോ തിരക്കഥയെഴുതിയ  മരണത്തിനു 
ആര്‍ക്കോ വേണ്ടി കീഴടങ്ങുന്നവര്‍  ഇവര്‍ ..
ആരുടെ ശത്രുക്കളാണ് ...?

അരൂപിയായ വിധിയുടെ 
രംഗബോധമില്ലാത്ത തെരുവ് നാടകത്തില്‍ 
കഥയറിയാതെ വേഷം കെട്ടുന്നവര്‍ 
ഇവര്‍ പാവങ്ങള്‍ 
തെരുവില്‍ ജീവിക്കുന്നവര്‍ 
അന്തിമയങ്ങുമ്പോള്‍ ഒരു നുറുങ്ങു വെട്ടത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ 
ഒരു പൊതി പലഹാരത്തില്‍ 
തിളങ്ങുന്ന കുഞ്ഞു കണ്ണുകളില്‍ 
ജന്മം തേടുന്ന നിരാലംബര്‍ .

തെരുവില്‍ ,സൈക്കിളില്‍ ,ബസ്സില്‍ ,തീവണ്ടിയില്‍
ഒരു ഞൊടിയിട താണ്ടവമാടുന്ന
ദ്രുത വിസ്ഫോടനങ്ങളില്‍
ഉടലും തലയും വേറിട്ട്‌
കുടല്‍മാല ചിന്നിച്ചിതറി
പിന്നെയും കാഴ്ച ചിത്രങ്ങളായി
പത്ര ത്താളുകളില്‍ വായിക്കപ്പെടുന്നവര്‍
ഇവര്‍ ആരുടെ ശത്രുക്കള്‍ ...?
കൃഷ്ണന്റെ ..? നബിയുടെ ..?യേശുവിന്റെ ...?

അശാന്തിയുടെ അരക്കില്ലത്തില്‍
ഭീതിയുടെ മഞ്ചത്തില്‍
അഗ്നിയെ ദുസ്വപ്നം കണ്ടു
ഉറങ്ങാതെ രാവിനെ പഴിക്കുന്നവര്‍ ..
തെരുവില്‍ ഒരു തുടം കഞ്ഞി
കുമ്പിളില്‍ വീഴ്ത്തിക്കിട്ടാന്‍
പകലിനെ കനലില്‍ ചുറ്റെടുക്കുന്നവര്‍
കവര്‍ന്നെടുത്തുവോ ഇവര്‍  ആരുടെയെങ്കിലും
വിഷം പുരട്ടിയ സ്വപ്നങ്ങളെ ...?

ആളിക്കത്തുന്ന അഗ്നിയില്‍
പരസ്പരം നിലവിളിച്ചു
വെന്തു മരിച്ചവരില്‍
അമര്‍ ഉം അക്ബറും  ആന്റണി യും
ഉണ്ടായിരുന്നില്ലേ ..?
വെന്തു കരിഞ്ഞ ശവശരീരത്തില്‍
കണ്ടുവോ നിങ്ങള്‍ കൊന്ത ...?തഴമ്പ് ..? സിന്ദൂരം ..?

ഡോളറില്‍ ..,കഞ്ചാവില്‍ ..
കുടിലതകള്‍ തിരുത്തി വായിച്ച
മത ബോധനങ്ങളില്‍
വിവേകം പൂട്ടി വെച്ച് ,
താക്കോല്‍ കൂട്ടമെടുത്തമ്മാനമാടുന്ന ..
ഇരുട്ടിന്റെ സന്തതികളെ ചേര്‍ത്തു വെച്ചാല്‍
ഈ മഹാഭാരതത്തിന്റെ ഒരു കോണില്‍
കൂട്ടി വെക്കാനില്ല

എന്നിട്ടും തട്ടും പുറത്തെ അഞ്ചാറു തേങ്ങയ്ക്ക് വേണ്ടി
ഇനിയും വിഡ്ഢികള്‍ ആയി
വെവ്വേറെ വീഥികളില്‍
ഊറ്റം കൊണ്ട് നടക്കുന്നതെന്തേ നമ്മള്‍ ..?
ആരാണ് നമ്മുടെ ശത്രു ...?
കൃഷ്ണോ ..യേശുവോ ...നബിയോ ..?അല്ല
ഗുരുവോ ..ഗാന്ധിയോ ...മാര്‍ക്സോ ...?
അല്ല നമ്മള്‍ തന്നെയോ ....?
......................................................

No comments:

Post a Comment