Wednesday, 1 April 2015

മരിച്ചുപോയ കടല്‍


മരിച്ചുപോയ  കടല്‍ 


നേരം വെളുത്തത് മുതല്‍
വാക്കുകളെ തെളിക്കുകയാണ് ഞാന്‍
അനുസരണയില്ലാത്ത ആട്ടിന്‍ കൂട്ടങ്ങളെപ്പോലെ
വിധിയുടെ വലിയ വരണ്ട മൈതാനത്ത്
അവ അലയുകയാണ് .

തിരകള്‍ ഒടുങ്ങിയ ചത്ത കടലില്‍ 
സ്മൃതികള്‍ പോലും പിന്‍വലിഞ്ഞു പോയ്‌
കക്കയും ചിപ്പിയും ശംഖുകളും ഇല്ലാത്ത
കാല്‍പ്പാടുകള്‍ മാഞ്ഞു പോയ ,
നനവില്ലാത്ത മണല്‍പ്പരപ്പില്‍
എങ്ങിനെ ഞങ്ങള്‍ കവിതകള്‍ ആവും ?

എന്‍റെ കറുത്ത മുഖത്തെ വിളറിയ ശൂന്യതയില്‍
വാക്കുകള്‍ പിടഞ്ഞു .
പിന്നെ അവ
ചോരയുടെ മണമുള്ള
ജീവന്‍റെ അവസാന പിടച്ചിലുകളുടെ തേങ്ങലുകള്‍ അലയുന്ന
യുദ്ധ ഭൂമിയില്‍ ഒരു ശരശയ്യ പണിതു
എഴുതിവെക്കപ്പെട്ട രാജനീതിയുടെ
ബലിയാടിനെ പോലെ
ഒരു ഭീഷ്മരെ പണിതു .
സ്വന്തം ശരശയ്യയില്‍ സ്വയം കിടക്കുന്നു .....
അന്തിമ വിധി കാത്ത് .
............................................................












No comments:

Post a Comment