Tuesday, 20 August 2013

ദൂരെ ദൂരെ ഒരു യാത്ര .

ആചിക്കുട്ടിയോടു  പറഞ്ഞ കഥ 

...................................................................................
....മൂടല്‍ മഞ്ഞും  കുളിരും ഒറ്റക്കുതിര  വലിക്കുന്ന  വണ്ടിയില്‍  ചുരമിറങ്ങി താഴ്വാരത്തില്‍  ചന്ദനം പൂക്കുന്ന  കാട്ടിലേക്ക്  വന ദേവതകളെ  കാണാന്‍ പോയ  കഥ .......
                   ..............................................................................


         തനിക്കു  മുകളില്‍  ആകാശം  അനന്തമായി  പിറന്നു കൊണ്ടിരിക്കുന്നു എന്ന് മൂടല്‍ മഞ്ഞിന് തോന്നി ...മലമുകളിലെ  തടാകക്കരയില്‍  മലര്‍ന്നു  കിടന്ന മൂടല്‍ മഞ്ഞിന്റെ  കണ്ണുകളിലേക്ക്  കണ്ണുകള്‍ ചിമ്മി  നക്ഷത്രങ്ങള്‍  ഓരോന്നായി  മറഞ്ഞു  പൊയ്ക്കൊണ്ടിരുന്നു .
.
ബ്രാഹ്മ  മുഹൂര്‍ത്തത്തില്‍  ഉണര്‍ന്നു  കിടന്നു  ആകാശത്തിലെ  നക്ഷത്ര  യാത്രകള്‍   ഇതിനു മുമ്പും  അവന്‍ കണ്ടിട്ടുണ്ട് ...പക്ഷെ  ഇന്നത്തേത്  ഈ മല മുകളിലെ  അവസാനത്തെ  കാഴ്ചയാണല്ലോ എന്നോര്‍ത്ത്  നേരിയ  ഒരു വിങ്ങല്‍  അവന്റെ ഉള്ളില്‍  ഉറഞ്ഞു കൂടി ....താനിവിടം വിട്ടു പോകയാണ് ....ദൂരെ ..ദൂരെ ...

എന്താണ് ഒരു നക്ഷത്രം  മാത്രം  തന്നെത്തന്നെ ഇങ്ങനെ നോക്കുന്നത് .....എന്താണത്  പറയാന്‍ ശ്രമിക്കുന്നത് ...മഞ്ഞു  മനസ്സ് കൂര്‍പ്പിച്ചു ...

''ഞാന്‍ പ്രപഞ്ചമാണ്‌ ...നീയും ''.പ്രകാശ  ദൂരങ്ങളില്‍  നിന്ന്  അശരീരി  പോലെ  ആ ശബ്ദം അവനിലേക്ക്  കൈകള്‍ നീട്ടി .    അവന്‍ വീണ്ടും ആ നക്ഷത്രത്തെ  നോക്കി ...പക്ഷെ അത് മറഞ്ഞിരുന്നു ...

    അനന്തമായ  ആകാശത്തില്‍ നിന്ന് കണ്ണുകള്‍ പറിച്ചെടുത്ത്  അവന്‍ എഴുനേറ്റു ....മലനിരപ്പിനു  ചുറ്റും  നാഴികകള്‍ ദൂരേക്ക് വ്യാപിച്ച് ,തണുപ്പില്‍  പുതഞ്ഞു കിടക്കുന്ന  ഉള്‍നാടുകളെ  നോക്കി..     .ഭൂമിയുടെ  പ്രതലങ്ങളില്‍  തന്റെ  ദൌത്യം  അവസാനിപ്പിച്ച് രാത്രി  തിരിച്ചു പോകാന്‍  ഒരുങ്ങുന്നു ..കിഴക്ക് നേര്‍ത്ത വെളിച്ചം  രാത്രിക്കും പകലിനും ഇടയില്‍  ആദ്യത്തെ  ദീപം പോലെ ....പുല്‍ക്കൊടികളിലും പൂക്കളിലും  മഞ്ഞിന്‍ കുഞ്ഞുങ്ങള്‍  ഇളം കാറ്റിനോടൊപ്പം  കളി തുടങ്ങി ..ചീവീടുകള്‍  രാത്രിയിലെ കൂട്ടപ്പാട്ട്  അവസാനിപ്പിച്ച്  മാളങ്ങളിലേക്ക് പതുക്കെ നീങ്ങുന്നത്  മഞ്ഞു  ശ്രദ്ധിച്ചു .....

     യാത്രയ്ക്ക് മുമ്പൊന്നു കുളിക്കണം ...അവന്‍ തടാകത്തിലേക്ക് നോക്കി . നിലാവിനെ  യാത്രയാക്കി  പുലരിയെ കാത്തു  ആഴം പൂണ്ടു  കിടക്കുന്ന 
  നീല ത്തടാകത്തിലേക്ക്  മുങ്ങാംകുഴിയിട്ടു ...ആഴങ്ങളിലെ  പരിശുദ്ധിയില്‍  അവന്‍ നീന്തി ത്തുടിച്ചു ...നിവര്‍ന്നു വന്ന മഞ്ഞിനെ  കാറ്റ് പൊതിഞ്ഞു ..അവന്റെ  നേര്‍ത്ത വസ്ത്രങ്ങളിലെ  നനവിനെ  തുടച്ചു ...
''  എന്താ  കാലത്തെ ഒരു കുളി ?''

ആരുടെ ശബ്ദമാണെന്ന് അവന്‍ അമ്പരന്നില്ല ....അത് കുളിരായിരിക്കും എന്ന് മഞ്ഞിന് ഉറപ്പുണ്ടായിരുന്നു ..ഈ നീലത്തടാകത്തില്‍ എന്നും മുങ്ങിക്കുളിച്ച്   തടാകത്തിനെ വലം വെക്കുന്നത്  അവളുടെ പതിവാണ് .....

''ദൂരെ ഒരു യാത്രയുണ്ട് ...ചുരമിറങ്ങി    അങ്ങ് കിഴക്ക് ദിക്കിലേക്ക് ''

''അവിടെ  എന്താ ?''

''അവിടെ കാടുണ്ട് ..സൂര്യന്‍ ഇറങ്ങാത്ത  കാട് ...മലമ്പാമ്പുകളെ  പോലെ  വേരുകള്‍  സഞ്ചാരം  നടത്തും അവിടെ ...ഹൃദയ ധമനികളെ പ്പോലെ ശാഖാ വേരുകള്‍  മണ്ണില്‍  പടര്‍ന്നിറങ്ങും ....വള്ളിപ്പടര്‍പ്പുകളില്‍  സ്വപ്നക്കുഞ്ഞുങ്ങള്‍ ഊഞ്ഞാലാടും ....പക്ഷികള്‍ ശാഖികളില്‍ ഇരുന്നു  സപ്ത സ്വരങ്ങളുടെ  സ്വപ്ന  വേദിയില്‍  സംഗീത വിരുന്നു നടത്തും ....

''എന്നിട്ട്  ?''  കുളിരിന്റെ ഉള്ളില്‍  ആകാംക്ഷ  കൂട് കൂട്ടുന്നത്  മഞ്ഞിന് മനസ്സിലായി ....

''പൂത്തുലഞ്ഞ  ചന്ദന മരങ്ങള്‍ സുഗന്ധം  നിറയ്ക്കുന്ന  കാടിന് മലദൈവങ്ങള്‍  കാവല്‍ നില്‍ക്കും ...മുളം കാടുകള്‍  കാറ്റിന്റെ കാതില്‍  പ്രണയ സന്ദേശങ്ങള്‍
 പകര്‍ന്നു കൊടുക്കും ..

''അവിടെ ആരാ ഉള്ളത് ?''

''അവിടെ  എന്റെ മുത്തശ്ശിയുണ്ട് ..കാരണവന്മാര്  ഉണ്ട് ....
നിറയെ  കാവുകള്‍  ഉണ്ട് ...കാവുകള്‍ക്ക് നടുവില്‍  വനദേവത യുടെ  കുടിയിരിപ്പുണ്ട് ...അവര്‍ നമുക്ക് സ്വപ്‌നങ്ങള്‍ തരും ...

    നീലത്തടാകം  പോലെ  വികസിച്ച  കുളിരിന്റെ കണ്ണുകളില്‍  വിസ്മയത്തിന്റെ  കാടുകള്‍  വളര്‍ന്നു ...കാട്ടുചോലകളും  പൂക്കളും  പക്ഷികളും  അവളുടെ  കാഴ്ചകളില്‍  മോഹങ്ങളെ  ഉണര്‍ത്തി .ദൂരെയെങ്ങോ  മനസ്സിനെ  അലയാന്‍  വിട്ട പോലെ  മഞ്ഞിന്റെ  വര്‍ണനകളില്‍  മുഴുകി  കുളിര് നിന്നൂ .

''പോരുന്നോ..എന്റെ  കൂടെ   അങ്ങ് ദൂരെ  ദൂരെ .?''

അവള്‍  ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ തോന്നി .

''കാണണം  എനിക്ക് ആ വനഭംഗികള്‍ അത്രയും ...എങ്ങിനെയ  യാത്ര ?''

'' ഒറ്റക്കുതിര വലിക്കുന്ന  വണ്ടിയില്‍ ....കുറെ ദൂരം  അതിലിരുന്നു ചുരം ഇറങ്ങുമ്പോള്‍  ആകാശത്തുമ്പത്ത്  ഊഞ്ഞാല്  കെട്ടി  അതില്‍ ഇരുന്നു  ആടുന്ന പോലെ  തോന്നും ....

നേര്‍ത്ത്  കാറ്റില്‍  ഉലയുന്ന തന്റെ  ഉടയാടകള്‍ ഒതുക്കി  അവള്‍ മഞ്ഞിനോടൊപ്പം യാത്രയ്ക്കൊരുങ്ങി ...ഇരുട്ടും വെളിച്ചവും  കൂടിക്കലര്‍ന്ന  പുലരി  അവര്‍ക്ക്
അനുഗ്രഹങ്ങള്‍  ചൊരിഞ്ഞു  . അജ്ഞാതമായ  ഏതോ  കോണില്‍ നിന്ന് ചകോരപ്പക്ഷികള്‍  കൂട്ടത്തോടെ യാത്രാ മംഗളം പാടി .

മലമ്പാത  തുടങ്ങുന്നിടത്ത്  കുതിര അക്ഷമനായി  മുന്‍കാലുകള്‍  എടുത്തെറിഞ്ഞുകൊണ്ടിരുന്നു ....ദൂരെ  മൂടല്‍മഞ്ഞും  കുളിരും  കൈകള്‍ കോര്‍ത്ത് നടന്നു വരുന്നത് അവന്‍ കണ്ടു എന്ന് തോന്നുന്നു ....പ്രതാപത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന  അവന്റെ ശിരസ്സ് ഒന്നിളകി ...കഴുത്തിലെ മണികള്‍  ആഹ്ലാദത്തിന്റെ  കൂട്ട മണി  മുഴക്കി ...

കുളിരിനൊപ്പം  വണ്ടിയിലേക്ക് കയറിയിരുന്ന  മൂടല്‍മഞ്ഞു  കടിഞ്ഞാന്‍ മെല്ലെ ഇളക്കി ...തൂവല്‍ പോലെ നേര്‍ത്ത  തന്റെ കൈകള്‍ നീട്ടി  കുതിരയെ തലോടി ..'

''പോകാം ''
മഞ്ഞിനേയും കുളിരിനെയും  വഹിച്ചു കൊണ്ട്  കാട്ടുപാതയിലൂടെ  കുതിര വേഗത്തില്‍  നടത്തം തുടങ്ങി ...ചക്രങ്ങള്‍  മൃദു താളത്തോടെ  മുന്നോട്ട്  കുതിച്ചു ....പാറക്കൂട്ടങ്ങള്‍ക്കിടയിലും  കുറ്റിക്കാടുകളിലും  തങ്ങി നിന്ന  മഞ്ഞിന്‍ കൂട്ടങ്ങള്‍ ഓരോന്നോരോന്നായി പിറകിലേക്ക് മറയുന്നത് തന്റെ  ഉള്ളില്‍ ഒരു കുഞ്ഞു  പോറല്‍  വീഴ്ത്തുന്നത്  അവനെ തെല്ലൊന്നു  അസ്വസ്ഥനാക്കി .  

മലമുകളിലെ നീലത്തടാകം  തന്നില്‍ നിന്ന് മറയുന്നത്  കുളിരും ശ്രദ്ധിച്ചു

...തടാകക്കരയിലെ  കാവുകള്‍ക്കുള്ളില്‍  മുത്തശ്ശിയോടും  കൂട്ടുകാരികളോടും ഒപ്പം   കലപില കൂട്ടിയ നാളുകള്‍ ..തടാകക്കരയില്‍  മുത്തശ്ശിയുടെ മടിയില്‍ കിടന്നു  ആകാശം കണ്ടത് ...അങ്ങുയരെ  വൈരക്കല്ലുകള്‍  കുറെയുണ്ടല്ലോ  എന്ന് പറഞ്ഞപ്പോള്‍ ..''അത്  ആകാശം പ്രസവിച്ച  നക്ഷത്രക്കുഞ്ഞുങ്ങള്‍  ആണെന്ന് ''മുത്തശ്ശി പറഞ്ഞത് ...കൂട്ടം തെറ്റിയ ഒരു  നക്ഷത്രം  നട്ടുച്ചയ്ക്ക് തടാകത്തില്‍  കുളിക്കാനിറങ്ങും എന്ന് പറഞ്ഞത് ....

തടാകത്തോടൊപ്പം  ആ കാലവും തന്നില്‍ നിന്ന് മറയുന്നത്  അവള്‍ അറിഞ്ഞു ....

ചുരുണ്ട് കൂടി ഉറങ്ങിയിരുന്ന  ചുരത്തിന്റെ  വളവുകള്‍ ഓരോന്നും അവരുടെ കാഴ്ചകളില്‍  നിവര്ന്ന്‍ തെളിഞ്ഞു വന്നു ..മുന്നോട്ട് പോകുന്തോറും  ചുരം പിന്നെയും പിന്നെയും സ്വയം ചുരുളുകള്‍ നിവര്‍ത്തി വഴി കാട്ടിക്കൊണ്ടിരുന്നു
...എങ്ങോട്ട് നോക്കിയാലും  ആഴം മാത്രം ..
വലിയ മേഘ പാളികള്‍ മൂടിയ  മലഞ്ചരിവുകള്‍ ...ചോലവനങ്ങള്‍ ..ഒന്നും വ്യക്തമാവുന്നില്ല ....ഭയപ്പെടുത്തുന്ന  ആഴം ...ശക്തിയോടെ പതിക്കുന്ന  വെള്ളച്ചാട്ടങ്ങളുടെ  ഇരമ്പുന്ന ശബ്ദം ......
''പേടിയുണ്ടോ ..?''
''ആദ്യമായിട്ടാ ഇങ്ങനെ ഒരു യാത്ര ...പേടിയൊന്നുമില്ല .''

''നോക്കിക്കൊള്ളു  പുറത്തേക്ക് ''

മൂടല്‍മഞ്ഞു  കുളിരിനെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു ..ദൂരേക്ക് കൈ ചൂണ്ടി ...സൂര്യന്റെ ഒരു നേര്‍ത്ത  ചുവപ്പ് കിഴക്ക്  ചായം പൂശാന്‍ തുടങ്ങിയത്  അവള്‍ കണ്ടു ...പെട്ടെന്ന് കാറ്റിനു ശക്തി കൂടി ..കുളിരിന്റെ  മുടിയിഴകള്‍  താളത്തില്‍ ഇളകി ....

       കാറ്റില്‍  ഇളകുന്ന  കുളിരിന്റെ  മുടിയിഴകളില്‍  മഞ്ഞിന്റെ  തൂവല്‍ സ്പര്‍ശം .
കുളിര്  അവന്റെ കണ്ണുകളിലേക്ക് നോക്കി .
  ''എന്താ  എന്റെ  കണ്ണില്‍ ...?''മഞ്ഞു ഗൌരവം  വിടാതെ  ചോദിച്ചു .

''ഞാന്‍ ''
''..അത് ഞാനല്ലേ ..?''      മഞ്ഞിന്റെ   ആഴമേറിയ കണ്ണുകളില്‍  തന്റെ ഒഴുകി ഉലയുന്ന  ഉടയാടയും  കാറ്റില്‍  ഇളകുന്ന  മുടിയിഴകളും  അവള്‍ കണ്ടു .

മഞ്ഞിന്റെ  ചുണ്ടില്‍ നേര്‍ത്ത  ഒരു ചിരി പടര്‍ന്നു ...തന്റെ  കൈകളില്‍ വിശ്രമിച്ചിരുന്ന  കുളിരിന്റെ കൈകളില്‍  അവന്റെ   വിരലുകള്‍ മുറുകി ...

   ചുരങ്ങളുടെ  വളവുകള്‍  കൂടി വന്നു ...രണ്ടു പേരും  പുറം കാഴ്ചകളില്‍ കണ്ണുകള്‍  ഉടക്കി ....

ചുറ്റുമുള്ള  മഹാ പ്രപഞ്ചത്തിന്റെ  അനന്തതയിലേക്ക്  ഒരു കണമായി  തങ്ങള്‍   ലയിക്കുകയാണ്  എന്ന് അവര്‍ക്ക് തോന്നി ....
 പുറം ലോകം വിട്ടപ്പോള്‍  മഹാ പര്‍വതങ്ങളുടെ   ചരിവുകളില്‍ ..ആരണ്യങ്ങളില്‍ ..ഇരുണ്ട  നിഗൂഡതകളില്‍  ..തങ്ങളുടെ  ആത്മാവിന്റെ  അംശം പകുത്തു  കൊടുക്കും പോലെ  ...

തങ്ങളിലേക്ക് മഹാ മേരുക്കളും  കന്യാവനങ്ങളും   കാട്ടുചോലകളും    ഊര്‍ജ്ജ  വാഹിനികള്‍  ആയി  വന്നു ചേരുന്നത് പോലെ  ...

കാടിന്റെ  തണുപ്പില്‍ ..നൈതികതയില്‍ ...യുഗങ്ങളിലൂടെ  പകര്‍ന്നു കിട്ടിയ
ഭൌതിക തപസ്യകളുടെ ഊഷ്മളതയില്‍  പുതഞ്ഞു  അവര്‍   മുന്നോട്ട് പോയ്ക്കൊണ്ടേയിരുന്നു.

  വിജനമായ  മലമ്പാതയില്‍    കുതിരയുടെ കുളമ്പടി  ശബ്ദവും  ചക്രങ്ങളുടെ ചലനവും  വന്യ രാഗങ്ങള്‍ക്ക്  താളം  പിടിച്ചു ...


..സൂര്യന്‍  കുറെ കൂടി  മുകളില്‍  ഉയര്‍ന്നു ..കാഴ്ചകള്‍ക്ക്  വ്യക്തത  കൂടി .
തന്നിലേക്ക്  ചാരിയിരുന്നു   കാഴ്ചകളുടെ  മഹാ പ്രവാഹത്തില്‍   ലയിച്ചിരുന്ന  കുളിരിന്റെ  കണ്ണുകള്‍  മെല്ലെ  കൂമ്പി ..അവള്‍ ഒരു മയക്കത്തിലേക്ക് വഴുതിയ പോലെ ...മഞ്ഞിന്റെ ചുമലില്‍ ഒരു  പതുപതുത്ത  വസ്ത്രം പോലെ തല ചായ്ച്ച് കുളിര്  ഉറങ്ങാന്‍  തുടങ്ങി .

ഈ യാത്രയില്‍  കുളിരും  തന്നോടൊപ്പം  ചേര്‍ന്നത്  മഞ്ഞിനെ  വല്ലാതെ  ആഹ്ലാദിപ്പിച്ചു .....ഇതിനു മുമ്പ്  യാത്രകളെല്ലാം തനിച്ചായിരുന്നു ..
പിറകിലേക്ക് ചാരിക്കിടന്നു  കണ്ണുകള്‍ അടച്ചു മഞ്ഞു   ആലോചിക്കാന്‍ തുടങ്ങി ..

കുളിരിനെയും കൊണ്ട് ഉള്‍ക്കാടുകള്‍  മുഴുവന്‍  ചുറ്റിക്കറങ്ങണം
   മഴയില്‍ കുതിര്‍ന്ന  കാട്ടിലെ    കരിയിലകള്‍  അലിഞ്ഞു ചേര്‍ന്ന  മണ്ണില്‍  പുത് നാമ്പുകള്‍  മുള പൊട്ടുന്നത് .....കൂടുകളില്‍  പ്രാവുകള്‍ കുറുകുന്നത് ....

പെട്ടെന്ന്‍  എന്തോ  പേടി സ്വപ്നം കണ്ട പോലെ അവള്‍  അസ്വസ്ഥയായി ..കൂമ്പിയ മിഴികളില്‍ നനവ്‌ പടരുന്നതു മഞ്ഞു ശ്രദ്ധിച്ചു ..

മഞ്ഞിന്റെ തൂവല്‍ സ്പര്‍ശത്തില്‍  ഉണര്‍വിലേക്ക്  തെന്നി വന്ന കുളിര്  മിഴികള്‍ തുറന്നു

''എന്തെ   ...? എന്തെങ്കിലും സ്വപ്നം കണ്ടുവോ ?''

''കണ്ടു ..ഒന്നും മനസ്സിലായില്ല ....കുത്തി ഒഴുകുന്ന പുഴ ...കോരിച്ചൊരിയുന്ന മഴ ...കാറ്റ് ..ഒരമ്മയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ഒഴുക്കില്‍ ..രക്ഷിക്കാന്‍ കഴിയുമായിരുന്നിട്ടും ഒരാള്‍  അത് ചെയ്യാതെ ...ഇരുണ്ട നീല വെളിച്ചത്തില്‍ ഞാന്‍ അയാളെ നോക്കി ..അപ്പോള്‍  അയാള്‍ക്ക്‌ പിന്നില്‍ അയാളുടെ  പെരുകുന്ന  നിഴലുകള്‍ ...കുറെ പേടിപ്പെടുത്തുന്ന  നിഴല്‍ രൂപങ്ങള്‍ ...

''പേടിച്ചോ ?..''

''പേടിയല്ല ...വല്ലാത്ത അസ്വസ്ഥത ..''

''സാരമില്ല ..സ്വപ്നമല്ലേ.. കാലത്തിന്റെ  ചിറകടികളില്‍ മായാതെ കിടക്കുന്ന ഏതെങ്കിലും  സംഭവം ആവാം ..''

മഞ്ഞിന്റെ  മറുപടി കേട്ട് കുളിര്  അവന്റെ   കണ്ണുകളിലേക്ക് നോക്കി ..കനിവിന്റെ ഒരു  ഉറവ    നിലാവിന്റെ ആര്‍ദ്രതയും  അലിയിച്ചെടുത്ത് തന്നിലേക്ക് ഒഴുകിയിറങ്ങുന്നത്  അവള്‍ അറിഞ്ഞു . ...

കുളിര്  തന്റെ മിഴിയിണകള്‍  ഒന്നടച്ചു ..പിന്നെ തുറന്നു  മഞ്ഞിനെ വീണ്ടും  നോക്കി ..

''നമുക്ക് വേഗം  പോകാം ...എനിക്ക് വേഗം താഴ്വരയില്‍ എത്തിയാല്‍ മതി ''

''പോകാം '' മഞ്ഞു  തന്റെ കയ്യിലെ  കടിഞ്ഞാണിന്റെ  മുറുക്കം കൂട്ടി ..കുതിര  വേഗത്തില്‍ മുന്നോട്ടു  ചലിച്ചു

താഴ്വരയിലെ  തണുപ്പിലേക്ക് മെല്ലെ ഒറ്റക്കുതിര  വലിക്കുന്ന  വണ്ടി താളത്തില്‍ വന്നു നിന്നു ....ഒരു പൂവ് താഴോട്ട് പതിക്കുന്ന പോലെ  സ്വസ്ഥമായി ..മന്ദം  മന്ദം ....
               മഞ്ഞു താഴെയിറങ്ങി ...കുളിരിനു കൈകള്‍ നീട്ടി ...മഞ്ഞിന്റെ  കയ്യില്‍ പിടിച്ച്  ഒഴുകിയിറങ്ങുന്ന  നേര്‍ത്ത ഉടയാട  ഒതുക്കി അവള്‍ ഇറങ്ങി ...വെളുത്ത്  നേര്‍ത്ത്‌ കാറ്റില്‍  ഉലയുന്ന  വസ്ത്രത്തില്‍  ഒരു മാലാഖയെ പോലെ  കുളിര് ...

ഇരുണ്ട വനം ...സൂര്യപ്രകാശം  വിദൂരതയില്‍ മാത്രം ...കാട്ടുചോല ..വലിയ തടാകം  ഇരുളിനെ വിഴുങ്ങിയ പോലെ ..ചുറ്റും കട്ടപിടിച്ച  കാട് ...മൃഗങ്ങളുടെയും പക്ഷികളുടെയും പലതരം ശബ്ദങ്ങള്‍ ....മുകളില്‍ കണ്ണെത്താ ദൂരത്തേക്ക്  വളര്‍ന്ന മരങ്ങള്‍ ...വേരുകളെ വീട്ടു കാവലിനു നിര്‍ത്തി  ദൂര യാത്രക്ക് പോയ പോലെ ...വേര്‍പിരിയാന്‍ ഇഷ്ടമില്ലാതെ  വള്ളിപ്പടര്‍പ്പുകള്‍ ..

കുളിരിന്റെ  കണ്ണുകള്‍  അസാധാരണമാം  വിധം  വിടര്‍ന്നു വികസിക്കുന്നത്  മഞ്ഞു കണ്ടു ...കൌതുകത്തോടെ  ആ കണ്ണുകളിലേക്ക്  അവന്‍ നോക്കി ...അമ്പരന്നു പോയി ...ആ  കാനനക്കാഴ്ചകള്‍  ഓരോന്നും  അവളുടെ കണ്ണുകളിലേക്ക്  ഒഴുകിയടുക്കും  പോലെ .....

വനത്തിനുള്ളില്‍  തടാകക്കരയില്‍ ഒരിടത്ത്  വനദേവതയുടെ  ഇരിപ്പിടം ..

മൂടല്‍മഞ്ഞു  കുളിരിനെയും കൂട്ടി ആ   ഗോത്രക്കല്ലിനു വലം വെച്ചു ..കണ്ണുകള്‍ അടച്ചു നിന്ന കുളിരിന്റെ നെറ്റിയില്‍  ഇലച്ചാര്‍ത്തിലെ  മഞ്ഞള്‍ കുറി അണിയിച്ചു ...
ഒരു കുളിര്‍ കാറ്റ്  അവരെ ഉഴിഞ്ഞു കടന്നു പോയി .
ഒഴുകിപ്പോയ കാറ്റ്  അവരുടെ കാതില്‍ പറഞ്ഞു ...

''സൂര്യന്‍ ചൂടും പിടിക്കും വരെ ഇവിടെ  താമസിക്കുക ...''

''നമ്മള്‍ ഇവിടെയാണോ  താമസിക്കുക ?''  വനത്തിന്റെ  സുഗന്ധം തന്നിലേക്ക് ആവാഹിച്ച്  കുളിര് ചോദിച്ചു ..കണ്ണിലെ നീലത്തടാകത്തില്‍  ഒരു വന്യതയെ മുഴുവന്‍  ചേര്‍ത്ത് വെച്ചു അവള്‍ ..

''അതെ ..ഇഷ്ടായോ  നിനക്ക് ?''

ഒരു പാടിഷ്ട്ടായി ..പക്ഷെ  എത്ര കാലം ..?''

''കുറേക്കാലം ..സൂര്യന്‍  വല്ലാതെ ചുട്ടു പൊള്ളിയാല്‍  നമ്മള്‍ പിരിയേണ്ടി വരും ''.
''എന്തേ ?''
''അതങ്ങിനെയാ ...സൂര്യകോപം  എന്നെ അരൂപിയാക്കും ..ഞാന്‍ നിന്നെ വിട്ടു ദൂരേക്ക്‌ പോകേണ്ടി വരും ..''പിന്നെ  എവിടെയെങ്കിലും ഇത് പോലെ വീണ്ടും  ജനിക്കും ...''

കുളിരിന്റെ കണ്ണുകളില്‍  നീലത്തടാകം കര കവിയുന്നത് മഞ്ഞു കണ്ടു ..അവന്‍ അവളെ  അരികിലേക്ക് ചേര്‍ത്തു പിടിച്ചു ..പൂവിതള്‍ പോലെ നനുത്ത  നെറ്റിയില്‍  തൂവല്‍ സ്പര്‍ശം പോലെ  അവന്‍ ചുണ്ടുകള്‍ അമര്‍ത്തി ..അവള്‍ വിതുമ്പിയോ ...

''ഏയ്‌ ..''മഞ്ഞു ആ മുഖം കൈകളില്‍ എടുത്തു ..

''വിഷമിക്കേണ്ട ..ഏതോ ഒരു മഹാന്‍ പറഞ്ഞത്  ഓര്‍മയില്ലേ ?..

നമ്മള്‍ ജനിക്കുന്നുമില്ല  മരിക്കുന്നുമില്ല ..ചില കാലങ്ങളില്‍  ഈ ഭൂമിയിലെ
ചില ഇടങ്ങളിലെ  സന്ദര്‍ശകര്‍ മാത്രം ..''
                                         .......................................
                                       ........................................................





 




5 comments:

  1. ഇതെഴുതാന്‍ ചൊടിപ്പിച്ചതു കാറ്റോ,കാടോ,മഴയോ ,മഞ്ഞോ ,നിലാവോ ,കുളിരോ ....സ്തുതി

    ReplyDelete
  2. എല്ലാം ...മഴയും മഞ്ഞും ...നിലാവും കുളിരും ...കാറ്റും കാടും ..എല്ലാം ..
    ...നന്ദി അനീഷ്‌ കാതി ..

    ReplyDelete
  3. കഥ നന്നായിരിക്കുന്നു ടീച്ചര്‍

    ReplyDelete